2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

ചെങ്ങര സ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നു
Posted on: 17 Sep 2010


അരീക്കോട്: കിണര്‍ കുഴിക്കാന്‍ എം.പി ഫണ്ടില്‍നിന്ന് പണം പാസ്സായതോടെ ചെങ്ങര ജി.എല്‍.പി സ്‌കൂളിന്റെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാവുന്നു. സ്‌കൂള്‍ നേരിടുന്ന കടുത്ത കുടിവെള്ളക്ഷാമത്തെക്കുറിച്ച് മൂന്നുമാസംമുമ്പ് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

1924-ല്‍ സ്ഥാപിച്ച സ്‌കൂള്‍ മാടാരുകുണ്ടിലെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1999-ല്‍ കോട്ടക്കുന്നിനു മുകളില്‍ സ്വന്തമായി ലഭിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ച് അങ്ങോട്ട് മാറിയതോടെ കുടിവെള്ള പ്രശ്‌നത്തിനും തുടക്കമായി. മഴവെള്ള സംഭരണി നിര്‍മിച്ചും മറ്റും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് 'മാതൃഭൂമി' പ്രശ്‌നം ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് പി.ടി.എ അധികൃതര്‍ നടത്തിയ അഭ്യര്‍ഥനമാനിച്ച് സ്‌കൂളിന് താഴെ വയല്‍ക്കരയില്‍ ഈന്തന്‍കുഴിയന്‍ സൈതലവി എന്ന ആള്‍ കിണറിന് ആവശ്യമുള്ള സ്ഥലം സൗജന്യമായി നല്‍കി. കിണര്‍ കുഴിച്ച് കുന്നിന്‍മുകളിലുള്ള സ്‌കൂളിലേക്ക് വെള്ളമെത്തിക്കുകയെന്നതായിരുന്നു പി.ടി.എക്ക് മുമ്പിലുള്ള കടമ്പ.

തുടര്‍ന്ന് പി.ടി.എ അധികൃതര്‍ പ്രശ്‌നം വയനാട് എം.പി എം.ഐ.ഷാനവാസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം തന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് രണ്ടുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പ്രധാനാധ്യാപകന്‍ ടി.ടി.റോയിതോമസിനെ കഴിഞ്ഞദിവസം ഇക്കാര്യം രേഖാമൂലം അറിയിച്ചു.
ഒന്നരപ്പതിറ്റാണ്ട് പിന്നിട്ട ഇഫ്താര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു
Posted on: 10 Sep 2010


അരീക്കോട്: ടൗണ്‍ സുന്നി മസ്ജിദിലെ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ട ഇഫ്താര്‍ വിരുന്ന് സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്നു. ഒന്നിന് തുടങ്ങി റംസാന്‍ അവസാനിക്കുന്നത് വരേയുള്ള ഈ ഇഫ്താര്‍ വിരുന്നില്‍ ദിനംപ്രതി ശരാശരി 300 മുതല്‍ 350 പേര്‍ വരെ പങ്കെടുക്കുന്നുണ്ട്.

സാധാരണ പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇഫ്താറുകള്‍ക്ക് പള്ളി കമ്മിറ്റിയാണ് നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ഇവിടെ അരീക്കോട് ടൗണിലെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണിത് നടക്കുന്നത്. തീര്‍ത്തും സന്നദ്ധ സേവനമായി നടത്തിവരുന്ന ഈ നോമ്പ്തുറയ്ക്ക് ചായ, തരിക്കഞ്ഞി തുടങ്ങിയവ പള്ളിവളപ്പില്‍ വെച്ചുതന്നെ പാകംചെയ്യുന്നു. കട്‌ലറ്റ്, സമൂസ തുടങ്ങിയ പലഹാരങ്ങളും പഴവര്‍ഗങ്ങളും പുറത്തുനിന്ന് വാങ്ങും. നോമ്പ് തുറക്കാനാകുമ്പോഴേക്കും ഓരോ പാത്രത്തിന് മുന്നിലും ഓരോരുത്തരായി ചെന്നിരിക്കും. മഗ്‌രിബ് ബാങ്ക് മുഴങ്ങുന്നതോടെ കൂട്ടമായി നോമ്പ്തുറക്കും.

അരീക്കോട് ടൗണിലെ കച്ചവടക്കാര്‍ക്കും കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കുമൊക്കെ പള്ളിയിലൊരുക്കുന്ന ഈ സംവിധാനം വളരെയേറെ അനുഗ്രഹമാണ്. ഒരു പ്രത്യേക സംഘടനയുടെയോ കമ്മിറ്റിയുടെയോ പിന്തുണയില്ലാതെ റംസാന്‍ ആരംഭത്തോടെ സ്വയം മുന്നോട്ടുവരുന്ന ഒരു സംഘം ചെറുപ്പക്കാര്‍ കഴിഞ്ഞ 15 വര്‍ഷമായി നടത്തിവരുന്ന ഈ നോമ്പുതുറ വേറിട്ട അനുഭവമായി മാറിയിട്ടുണ്ട്.
വെല്‍ഡിങ് ഉപകരണങ്ങള്‍ കളവുപോയി മൂര്‍ക്കനാട് നടപ്പാലത്തിന് ശനിദശ മാറുന്നില്ല
Posted on: 01 Sep 2010


അരീക്കോട്:കഴിഞ്ഞ നവംബര്‍ നാലിന് എട്ട് കുട്ടികള്‍ മുങ്ങിമരിച്ച മൂര്‍ക്കനാട് കടവില്‍ നിര്‍മ്മിക്കുന്ന നടപ്പാലത്തിന്റെ നിര്‍മ്മാണതടസ്സം മാറുന്നില്ല. പുഴമധ്യത്തില്‍ നിര്‍മ്മിക്കുന്ന ആദ്യതൂണിന്റെ ഇന്നലെ നടക്കേണ്ടിയിരുന്ന കോണ്‍ക്രീറ്റ് മുടങ്ങിയതാണ് ഈ പട്ടികയിലെ അവസാന സംഭവം. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴ കാരണം പുഴയിലെ ജലവിതരണം അപ്രതീക്ഷിതമായി ഉയര്‍ന്നതും ശക്തമായ ഒഴുക്കില്‍ പുഴയ്ക്ക് മധ്യേ ഉറപ്പിച്ചുനിര്‍ത്തിയിരുന്ന ബാര്‍ജ് ഒഴുകിപ്പോയതുമാണ് കാരണം.

ശക്തിയായ ഒഴുക്കില്‍ ബാര്‍ജ് ഉറപ്പിച്ചുനിര്‍ത്തിയിരുന്ന സ്​പഡ്ഡ് ഇളകിമാറുകയും ബാര്‍ജ് ബന്ധിച്ചിരുന്ന കയര്‍ പൊട്ടി താഴേക്ക് ഒഴുകി നീങ്ങുകയുമായിരുന്നു. രാത്രിയില്‍ ഇരുട്ടിനെ അവഗണിച്ച് തോണിയിലെത്തി തൊഴിലാളികള്‍ സാഹസികമായി ബാര്‍ജ് മുകളിലേക്ക് തന്നെ വലിച്ചെത്തിച്ചിരുന്നു. എങ്കിലും പുഴയിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനാല്‍ തൂണിന്റെ കോണ്‍ക്രീറ്റിങ് നടത്താനായില്ല. ഏകദേശം എട്ടുമീറ്റര്‍ വെള്ളത്തിലും തുടര്‍ന്ന് നാലോ, അഞ്ചോ മീറ്റര്‍ ഭൂമിക്കടിയില്‍ പാറവരേയുമാണ് കോണ്‍ക്രീറ്റ് നടത്തേണ്ടിയിരുന്നത്.

അതിനിടെ വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന കേബിള്‍, കട്ടിങ് സെറ്റ്, കട്ടിങ് ടോര്‍ച്ച് തുടങ്ങിയ ഉപകരണങ്ങള്‍ കളവുപോയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഏകദേശം 40,000 രൂപയോളം വിലവരുന്ന ഉപകരണങ്ങള്‍ കളവുപോയതായി തൊഴിലാളികള്‍ പറഞ്ഞു. ഇരുമ്പ് ഉപകരണങ്ങളൊന്നും തൊടാതെ ചെമ്പ് ഉപയോഗിച്ചുള്ള വിലകൂടിയ സാധനങ്ങള്‍ മാത്രമാണ് കളവുപോയത്. അരീക്കോട് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

നേരത്തെ ബാര്‍ജ് ലഭിക്കുന്നതിലുണ്ടായ പ്രയാസമായിരുന്നു പ്രധാന തടസ്സം. അവസാനം കണ്ണൂര്‍ കടലില്‍ നങ്കൂരമിട്ടിരുന്ന ഒരു ബാര്‍ജ് കരാറുകാര്‍ വന്‍തുകയ്ക്ക് വാടകയ്‌ക്കെടുക്കുകയായിരുന്നു. അത് ഭാഗങ്ങളാക്കി മാറ്റി വലിയ ലോറിയില്‍ കയറ്റിപ്പോഴേക്കും രാഷ്ട്രപതിയുടെ സന്ദര്‍ശനംകാരണം യാത്ര മുടങ്ങി. അവസാനം ചാലിയാറിലെത്തിച്ച് നാലുഭാഗങ്ങള്‍ യോജിപ്പിക്കുന്നതിലും കാലതാമസം നേരിട്ടു. വിദഗ്ധരായ തൊഴിലാളികളെ കിട്ടാത്തതും പ്രശ്‌നങ്ങളുണ്ടാക്കി.
സംസ്ഥാനപാതയില്‍ ചതിക്കുഴികള്‍; യാത്രക്കാര്‍ അപകടഭീതിയില്‍
Posted on: 25 Aug 2010


അരീക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ അരീക്കോട്ടും പരിസരപ്രദേശങ്ങളിലും രൂപംകൊണ്ട കുഴികള്‍ യാത്രക്കാരെ അപകടത്തിലാക്കുന്നു. സംസ്ഥാനപാത മലപ്പുറം ജില്ലയിലേക്ക് കടക്കുന്ന എരഞ്ഞിമാവ് മുതല്‍ പുത്തലം തെക്കേതലവരെയുള്ള ഭാഗങ്ങളിലാണ് അപകടകരമായ രീതിയില്‍ കുഴികള്‍ ഉണ്ടായിരിക്കുന്നത്.

ചാലിയാര്‍ പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് വാഹനങ്ങള്‍ കുഴികളില്‍പ്പെട്ട് അപകടങ്ങള്‍ സ്ഥിരമാണ്. റോഡ് നവീകരിച്ച് മാസങ്ങള്‍ക്കകംതന്നെ ഈ പ്രദേശത്ത് കുഴികള്‍ ഉണ്ടായിരുന്നു. ഇത് വാര്‍ത്തയായപ്പോള്‍ കരാറുകാര്‍ കുറച്ച് മെറ്റലും ടാറും കൂട്ടിക്കുഴച്ച് കുഴിയില്‍ നിക്ഷേപിച്ച് സ്ഥലംവിടുകയായിരുന്നു.

റോഡിലെ കുഴികള്‍ സംബന്ധിച്ച് പൊതുമരാമത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ കരാറുകാരാണ് ഇത് ചെയ്യേണ്ടത് എന്ന മറുപടിയാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. സംസ്ഥാനപാതയുടെ മലപ്പുറം ജില്ലയിലെ ഭാഗം രണ്ടുവര്‍ഷംമുമ്പാണ് ആധുനികരീതിയില്‍ ഉപരിതലം പുതുക്കിയത്. അഞ്ചുവര്‍ഷംവരെ ഈ റോഡിന്റെ സംരക്ഷണച്ചുമതല കരാറുകാരില്‍ നിക്ഷിപ്തമാണത്രെ. കരാറുകാരോട് നിയമപ്രകാരം അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെടാന്‍ പൊതുമരാമത്ത് അധികൃതരും താത്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

രണ്ടുവര്‍ഷം മുമ്പ് ഉപരിതലം പുതുക്കിയതില്‍ കൃത്രിമം നടത്തിയതാണ് റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമെന്നും പരാതിയുണ്ട്. അന്ന് ഇതുസംബന്ധിച്ച് സി.പി.എം കീഴുപറമ്പ് ലോക്കല്‍ സെക്രട്ടറി സി.വി നായരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

കരാറുകാര്‍ക്ക് കുഴിയടയ്ക്കാനുള്ള ഭാവമില്ലെങ്കില്‍ സംസ്ഥാനപാത ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് പത്തനാപുരം കിരണം ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.
പ്രകൃതിയുടെ നിറങ്ങളില്‍ യൂസഫിന്റെ ചിത്രങ്ങള്‍
Posted on: 21 Aug 2010


അരീക്കോട്: നാടുകാണിച്ചുരത്തിലൂടെ യാത്രചെയ്യുമ്പോള്‍ 'പ്രകൃതിയുടെ കാന്‍വാസി'ലെ ചില കൂറ്റന്‍ ചിത്രങ്ങള്‍ കണ്ട് നമ്മള്‍ കൗതുകത്തോടെ നിന്നുപോകും. തേന്‍പാറയിലെ കൂറ്റന്‍ പാറക്കല്ലുകളില്‍ വര്‍ണരൂപങ്ങള്‍ എഴുതിയത് പ്രകൃതിയല്ല..., പ്രകൃതിയെ ഗുരുവായി ആരാധിക്കുന്ന ഒരാളാണ് - മലപ്പുറം ജില്ലയിലെ കിഴുപറമ്പിനടുത്ത കുനിയില്‍ സ്വദേശി യൂസഫ്. വിനോദസഞ്ചാരവകുപ്പിനായി വരച്ച നാടുകാണി ചിത്രങ്ങളാണ് ഈ ചിത്രകാരനെ സത്യത്തില്‍ ശ്രദ്ധേയനാക്കിയതും.

യൂസഫ് യഥാര്‍ഥത്തില്‍ കോഴിക്കോടന്‍ കലാപാരമ്പര്യത്തിന്റെ കണ്ണിയാണ്. കോഴിക്കോട് അബ്ദുള്‍ഖാദറും ബാബുരാജുമുള്‍പ്പെടെയുള്ളവര്‍ സമ്പന്നമാക്കിയ കോഴിക്കോടിന്റെ ഗതകാലം. ഹൈദരാബാദില്‍നിന്ന് നഗരത്തിലെത്തിയ ഹുസൈന്‍ സാഹിബ് എന്ന വിദഗ്ധനായ വാച്ച് റിപ്പയറര്‍. കോഴിക്കോട്ട് അന്ന് വാച്ച് നന്നാക്കലില്‍ പ്രഗല്ഭരായി രണ്ടേരണ്ടുപേര്‍ - ഒരാള്‍ ഹുസൈന്‍ സാഹിബ്, അപരനോ സാക്ഷാല്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ പിതാവ് ആന്‍ഡ്രൂസും. ഹുസൈന്‍ സാഹിബിന്റെയും ഫാത്തിമാബീവിയുടെയും മകനായി കോഴിക്കോട് നഗരത്തിലായിരുന്നു യൂസഫിന്റെ ജനനം.

പൈതൃകവും പാരമ്പര്യവുംതന്നെയാണ് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ ശേഷിപ്പുകള്‍ മായാത്ത പഴയ കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറയും വലിയങ്ങാടിയും പാണ്ടികശാലകളും മുതല്‍ കല്ലായിപ്പുഴവരെ യൂസഫിന്റെ വരകളിലും ജീവിതവഴികളിലും തെളിഞ്ഞുകാണാം. കുട്ടിക്കാലത്ത് ഓത്തുപള്ളിയില്‍ പോകാതെ ചായ്പില്‍ ഒളിച്ചിരുന്ന് കളിമണ്ണുകൊണ്ട് ഗാന്ധിപ്രതിമ ഉണ്ടാക്കിയതും ഉമ്മ കണ്ടുപിടിച്ച് മഴവെള്ളത്തിലേക്കെറിഞ്ഞതുമൊക്കെ യൂസഫ് ഓര്‍മിക്കുന്നു. ചിത്രകലയില്‍ തനിക്ക് ഗുരുനാഥനില്ല. പ്രകൃതിതന്നെ ഗുരു - അദ്ദേഹം പറയുന്നു.

പതിനേഴാമത്തെ വയസിലാണ് ഒരു എന്‍ഗ്രേവിങ് ആര്‍ട്ടിസ്റ്റായി യൂസഫ് വിരലുകള്‍ക്ക് സൂക്ഷ്മത നല്‍കാന്‍ ശ്രമം തുടങ്ങിയത്. വീടിനടുത്തുള്ള എന്‍ഗ്രേവിങ് ശാലയില്‍ കാഴ്ചക്കാരനായെത്തിയ ഈ വിദ്യാര്‍ഥിയുടെ താത്പര്യം കണ്ടറിഞ്ഞ ഉടമ ജോണ്‍ യൂസഫിനെ ട്രെയിനിയായി നിമിച്ചു. ഈയക്കട്ടകള്‍ ഉരുക്കി പലകരൂപത്തിലാക്കി സൂചി ഉപയോഗിച്ച് അതില്‍ വരച്ചായിരുന്നു അക്കാലത്ത് പ്രിന്റിങ്ങിനുള്ള അച്ചുകള്‍ ഉണ്ടാക്കിയിരുന്നത്.

ദിവസങ്ങളോളം ചടഞ്ഞിരുന്നുള്ള പണി. അനുഭവങ്ങള്‍ പഠിപ്പിച്ച ഒരുപാട് പാഠഭേദങ്ങള്‍ തന്റെ സര്‍ഗവിചാരങ്ങള്‍ക്ക് കരുത്ത് പകര്‍ന്നപ്പോള്‍ 33 വര്‍ഷക്കാലം മലബാറിലെ പരസ്യകലാരംഗത്ത് സജീവസാന്നിധ്യമാകാന്‍ യൂസഫിന് സാധിച്ചു.
കമ്പ്യൂട്ടര്‍ സാങ്കേതികത്വം പരസ്യരംഗത്തെ കൈയടക്കിയതോടെ മുഴുവന്‍ സമയവും പെയിന്റിങ്ങില്‍ മാത്രം യൂസഫ് ശ്രദ്ധകേന്ദ്രീകരിച്ചു. കോഴിക്കോട് ഹൈസണ്‍ ഹെറിറ്റേജിലായിരുന്നു ആദ്യ പ്രദര്‍ശനം.

രാജാരവിവര്‍മയുടെ പ്രശസ്ത ചിത്രങ്ങള്‍ക്ക് നല്‍കിയ പുനരാവിഷ്‌കാരം മാധ്യമങ്ങളുടെയും ആസ്വാദകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 2003ല്‍ എറണാകുളത്ത് ചിത്രപ്രദര്‍ശനം നടത്തി. ആ വര്‍ഷംതന്നെ ഷാര്‍ജയിലും ദുബായിലും അറേബ്യന്‍ പെയിന്റിങ്ങുകളുടെ പ്രദര്‍ശനവും യൂസഫ് നടത്തുകയുണ്ടായി.

2005ല്‍ കോഴിക്കോട് ലളിതകലാ അക്കാദമി ഗ്യാലറിയിലും കൊച്ചി ദര്‍ബാര്‍ഹാളിലും നടത്തിയ പ്രദര്‍ശനങ്ങളോടെ യൂസഫ് ചിത്രകലാരംഗത്ത് ശ്രദ്ധേയനായി. പിന്നീട് ഡല്‍ഹിയിലേക്ക് താമസം മാറ്റിയ യൂസഫ് സമീപകാലത്താണ് നാട്ടില്‍ എത്തിയത്. ചിത്രങ്ങള്‍ക്കൊപ്പം ടെലിഫിലിം രംഗത്തും ഇപ്പോള്‍ ഇദ്ദേഹം സക്രിയമാണ്. 'വഴിതെറ്റിയ യാത്രക്കാര്‍' എന്ന പേരില്‍ ഒരു 'ഹോംസിനിമ' യൂസഫ് കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്
എടശ്ശേരിക്കടവ് പാലത്തിലൂടെ ബസ് ഓടിത്തുടങ്ങി
Posted on: 15 Aug 2010


അരീക്കോട്: കിഴുപറമ്പ് നിവാസികളുടെ ഒരുവര്‍ഷത്തിലധികമായി ഉയരുന്ന മുറവിളിക്ക് പരിഹാരമായി എടശ്ശേരിക്കടവ് പാലത്തിലൂടെ ബസ് ഓടിത്തുടങ്ങി. പാലം ഉദ്ഘാടനം ചെയ്തിട്ട് ഒരുവര്‍ഷത്തിലധികമായെങ്കിലും ഇതുവഴി ഇതുവരെ ബസ്‌റൂട്ട് അനുവദിച്ചിരുന്നില്ല.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലുള്ളവര്‍ക്കും വയനാട്ടുകാര്‍ക്കും കോഴിക്കോട് വിമാനത്താവളം, യൂണിവേഴ്‌സിറ്റി തുടങ്ങിയവയുമായി എളുപ്പം ബന്ധപ്പെടാനുള്ള സൗകര്യമെന്ന നിലയ്ക്കാണ് ചാലിയാറിന് കുറുകെ എടശ്ശേരിക്കടവില്‍ ആധുനിക രീതിയിലുള്ള പാലം നിര്‍മിച്ചത്.

നിലവില്‍ യാത്ര ആരംഭിച്ചിട്ടുള്ള ബസ് മുക്കത്തുനിന്ന് കാരശ്ശേരി, കൊടിയത്തൂര്‍, ചെറുവാടി, പഴംപറമ്പ്, കിണറ്റിന്‍കണ്ടി വഴി എടവണ്ണപ്പാറയിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇതിന് അനുമതി നല്‍കിയത് കോഴിക്കോട് ആര്‍.ടി.ഒയില്‍ നിന്നാണ്.

മലപ്പുറം ആര്‍.ടി.ഒയില്‍ പാലം വഴിയുള്ള ബസ്‌റൂട്ടിനുവേണ്ടി പി.പി.സജീവ്, കെ.സി.ഹംസ, സാജിദ, കെ.പി.സീനത്ത്, അലവിഹാജി തുടങ്ങിയവരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ റൂട്ടുകളെല്ലാം പ്രാദേശികമായ ചെറിയ യാത്രകള്‍ക്ക് ഉപകരിക്കുന്ന വിധത്തിലുള്ളവയാണ്.

വയനാട് ജില്ലയിലെ ബത്തേരി, കല്‍പ്പറ്റ തുടങ്ങിയ ഭാഗങ്ങളില്‍നിന്നും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂമ്പാറ, മുക്കം, കൂടരഞ്ഞി തുടങ്ങിയ ഭാഗങ്ങളില്‍നിന്നും കൊണ്ടോട്ടി, രാമനാട്ടുകര, കോട്ടയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ദീര്‍ഘദൂര റൂട്ട് അനുവദിക്കുമ്പോള്‍ മാത്രമേ പാലംകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കൂ. ഇതിന് പ്രധാന തടസ്സം പാലത്തിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥയാണ്.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ നെല്ലിക്കാപറമ്പില്‍ നിന്ന് തുടങ്ങി പന്നിക്കോട്, ചെറുവാടി, പഴംപറമ്പ് പാലത്തിലേക്കുള്ള റോഡ് വീതികൂട്ടി ആധുനിക രീതിയിലാക്കുകയാണ് ഇതിനുള്ള ഒരെളുപ്പവഴി. കുറ്റൂളി മുതല്‍ പാലം വരെയുള്ള റോഡും വീതികൂട്ടി ആധുനിക നിലവാരത്തിലെത്തിക്കേണ്ടതുണ്ട്.

തിരുവമ്പാടി, കൂമ്പാറ, കൂടരഞ്ഞി ഭാഗങ്ങളിലുള്ളവര്‍ക്ക് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുമായി ബന്ധപ്പെടാവുന്ന ഒരുറോഡ് ഇപ്പോള്‍ വാലില്ലാപ്പുഴ അങ്ങാടിയില്‍ എത്തിനില്‍ക്കുന്നുണ്ട്. തകര്‍ന്നുകിടക്കുന്ന ഈ റോഡ് നന്നാക്കുന്നതിനൊപ്പം വാലില്ലാപ്പുഴയില്‍ നിന്നും പട്ടോത്ത്ചാല്‍, മുടുക്കപ്പാറ വഴിയുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നപക്ഷം ഇതുവഴി വരുന്നവര്‍ക്ക് കുറ്റൂളി വഴിയുള്ള വളഞ്ഞ യാത്ര ഒഴിവാക്കി കിലോമീറ്ററുകള്‍ ലാഭിക്കാനാവും.
കലാപത്തിന്റെ നടുക്കും കാഴ്ചകള്‍ കണ്ണില്‍നിന്ന് മറയാതെ ഒരാള്‍
Posted on: 15 Aug 2010


അരീക്കോട്: വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുമ്പോള്‍ വിളയില്‍ കുനന്തലക്കടവിലെ കുന്നിന്‍മുകളിലെ കൊച്ചുവീട്ടിലിരുന്ന് അക്കരപ്പറമ്പന്‍ ഹസ്സന്‍മമ്മദ് തന്റെ മനസ്സിലെ ചരിത്രത്താളുകളെ പിന്നോട്ട് മറിക്കുകയാണ്. കയ്യില്‍ തോക്കും തീപ്പന്തവുമായി പുലരുംമുമ്പെ വീടുതോറും കയറിയിറങ്ങിയിരുന്ന വെള്ളപ്പട്ടാളത്തിന്റെ താണ്ഡവം മമ്മദ് മറന്നിട്ടില്ല.

പ്രായം 105ലെത്തിയിട്ടും കേള്‍വിക്ക് മാത്രം അല്പം മങ്ങലേറ്റു എന്നതൊഴിച്ചാല്‍ ഓര്‍മ്മകള്‍ സജീവമാണ്. വടിയുടെ പോലും സഹായമില്ലാതെ കുന്നിന്‍ മുകളിലെ വീട്ടിലേക്ക് നടന്നുകയറാന്‍ മമ്മദിന് ഇന്നും സാധിക്കുന്നു.

ഹസ്സന്‍മമ്മദിന്റെ ചരിത്ര വിവരണങ്ങളോ അദ്ദേഹത്തിന്റെ പ്രായമോ നിഷേധിക്കാന്‍ വിളയില്‍ ഗ്രാമത്തില്‍ ആരും തയ്യാറല്ല. കാരണം അവര്‍ക്കൊക്കെ കാഴ്ചയുറച്ചപ്പോള്‍ അവര്‍ക്കിടയില്‍ യുവാവായി ഹസ്സന്‍ മമ്മദുണ്ടായിരുന്നു.

മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം വെള്ളക്കാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ വിളയില്‍ ഗ്രാമവും ആ ഒഴുക്കിനനുകൂലമായിരുന്നുവെന്ന് ഹസ്സന്‍ മമ്മദ് പറഞ്ഞു. വിളയില്‍, കുനിന്തലക്കടവ് പ്രദേശങ്ങളിലെ പാമ്പോടന്‍, തലയഞ്ചേരി തുടങ്ങിയ തറവാടുകളില്‍ നിന്നുള്ള 16 പേരായിരുന്നു ഈ പ്രദേശത്തെ ഖിലാഫത്ത് നേതാക്കള്‍.

ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനം ശക്തമായതോടെ അത് നേരിടാന്‍ ചീക്കോട് തലക്കോട്ടിരിയല്‍ ഒരു പട്ടാള ക്യാമ്പ് ബ്രിട്ടീഷുകാര്‍ ആരംഭിച്ചു. അതിനിടെ വിളയില്‍ നാറോംകുളക്കാട്ടുവെച്ച് ഒരു പട്ടാളക്കാരനെ ഖിലാഫത്തുകാര്‍ വകവരുത്തിയതോടെ വെള്ളപ്പട്ടാളത്തിന് കൂടുതല്‍ രൗദ്രഭാവമായി - മമ്മദ് പഴയ കാലത്തിലേക്ക് പോകുന്നു.

തുടര്‍ന്ന് ഖിലാഫത്ത് പ്രവര്‍ത്തകരെത്തേടി വെള്ളപ്പട്ടാളം രാവുംപകലും വീടുകള്‍ കയറിയിറങ്ങി. ക്ഷമനശിച്ചപ്പോള്‍ വീട്ടിലുള്ള സ്ത്രീകളെയും കുട്ടികളെയും പിടിച്ച് പുറത്തിറക്കി വീടിന് തീയിട്ടു. തന്റെ പിതാവ് കുഞ്ഞറമുട്ടി ഹാജിയെ തേടിയും വെള്ളക്കാര്‍ വീട്ടില്‍ വന്നതും ഉമ്മ മമ്മാത്തു തന്നെയും സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ച് വാവിട്ട് കരഞ്ഞതും കൂടെ തങ്ങളും കരഞ്ഞതുമൊക്കെ ഹസ്സന്‍ മമ്മദ് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ത്തെടുക്കുന്നു. വീട്ടില്‍ നിന്നിറങ്ങിയാല്‍ വീട് തീവെക്കുമെന്നറിയാവുന്ന ഉമ്മയുടെ ഒരു തന്ത്രമായിരുന്നു ഈ കരച്ചിലെന്ന് പറയുമ്പോള്‍ ഹസ്സന്‍ മമ്മദ് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നുമുണ്ട്.

വിളയില്‍ എളങ്കോവിലെ നാറോം കുളക്കാട് വനമേഖലയായിരുന്നു ഖിലാഫത്തുകാരുടെ അഭയ കേന്ദ്രം. ഖിലാഫത്ത് നേതാക്കളെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് അക്കാലത്ത് 400രൂപ അംശം അധികാരി ഇനാം പ്രഖ്യാപിച്ചിരുന്നു. ബാപ്പ മൂന്നുമാസക്കാലം ഒളിവില്‍ പോയപ്പോള്‍ കിണറ്റിലെ പച്ചവെള്ളവും കാട്ടിലെ പച്ചിലകളും മാത്രമായിരുന്നു ഭക്ഷണം.

ബ്രിട്ടീഷ്‌നീക്കത്തില്‍ മമ്മദിന്റെ ബാപ്പയൊഴികെ ഒളിവിലായവരെല്ലാം പട്ടാളത്തിന്റെ പിടിയിലായി. ചിലരെ വധശിക്ഷയ്ക്ക് വിധിച്ചു, ചിലരെ ജയിലിലടച്ചു. ഒടുവില്‍ ബാപ്പയെയും പട്ടാളം പിടിച്ചു. തുടര്‍ന്ന് അഞ്ചുവര്‍ഷം ജയില്‍വാസം. തന്റെ പിതാവിനെപ്പോലെ സ്വാതന്ത്ര്യത്തിനായി പോരാടിയവരെയോ ത്യാഗം സഹിച്ചവരെയോ പുതിയ തലമുറ ഓര്‍ക്കാത്തതില്‍ ഹസ്സന്‍ മമ്മദിന് വേദനയുണ്ട്.

ഇദ്ദേഹത്തിന്റെ ആദ്യഭാര്യ മമ്മാത്തുണ്ണി 27വര്‍ഷം മുമ്പുമരിച്ചു. എക്കാപറമ്പിലെ പാത്തുമ്മയാണ് ഇപ്പോള്‍ സഹധര്‍മ്മിണി. അലവി, വല്ലിണ്ണി, മുഹമ്മദ് അബ്ദുറഹിമാന്‍ ഹാജി എന്നീ സഹോദരന്‍മാരും ജീവിച്ചിരിപ്പില്ല. മക്കളില്‍ ആയിശയും മുഹമ്മദും മരിച്ചു. മക്കളില്‍ കദീശുമ്മ ഭര്‍ത്തൃവീട്ടിലും നഫീസ, ആമിന എന്നിവര്‍ ഹസന്‍ മമ്മദിനോടൊപ്പവുമാണ് താമസം.

2010 ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ഒ.വി. വിജയന്‍ തമിഴില്‍ വായിക്കപ്പെടാതെ പോയത് നഷ്ടം - മുഹമ്മദ് മീരാന്‍
Posted on: 03 Jul 2010


അരീക്കോട്: ഒ.വി. വിജയന്‍ എന്ന വിശ്വസാഹിത്യകാരന്റെ കൃതികള്‍ ഇതുവരെയും തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാതെ പോയത് മലയാളത്തിന്റെ നഷ്ടമാണെന്ന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തോപ്പില്‍ മുഹമ്മദ് മീരാന്‍ അഭിപ്രായപ്പെട്ടു.

എം.എസ്.പി ജനമൈത്രി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അരീക്കോട് എം.എസ്.പി ക്യാമ്പില്‍ നടന്ന ഒ.വി. വിജയന്റെ 80-ാം ജന്മദിനാഘോഷച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിംകളില്‍ പ്രമുഖ വിഭാഗമായ റാവുത്തര്‍മാര്‍ക്ക് ആദ്യമായി സാഹിത്യത്തിലിടം നല്‍കിയത് വിജയനായിരുന്നുവെന്നും മീരാന്‍ സമര്‍ഥിച്ചു. കേശവന്‍നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് സൂപ്രണ്ട് സേതുരാമന്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. പ്രൊഫ. എം.എന്‍ കാരശ്ശേരി ഒ.വി. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. യു. ഷറഫലി, കെ.ടി. ചാക്കോ, നോവലിസ്റ്റ് സി. റഹീം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ആലിക്കുട്ടി, സാഹിത്യകാരി ഖദീജ മുംതാസ്, ആനന്ദി രാമചന്ദ്രന്‍, വിജയന്റെ സഹോദരി ഒ.വി. ഉഷ, സിനിമാ സംവിധായകന്‍ ജ്യോതിപ്രകാശ് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു. മലപ്പുറത്ത് നടന്ന ഒ.വി. വിജയന്‍ സ്മാരക ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി. എം.എസ്.പി ഓഫീസര്‍ എ.കെ. സക്കീര്‍ നന്ദി പറഞ്ഞു. നേരത്തെ എം.എസ്.പി ക്യാമ്പില്‍ വിജയന്റെ ജന്മദിനാഘോഷ സ്മാരകങ്ങളായി വൃക്ഷത്തൈകള്‍ നട്ടു.

2010 ജൂലൈ 16, വെള്ളിയാഴ്‌ച

അരീക്കോട് ബ്ലോക്ക് പുനര്‍നിര്‍ണയം; മുതുവല്ലൂര്‍ പോയി, പകരം എടവണ്ണ

അരീക്കോട് ബ്ലോക്ക് പുനര്‍നിര്‍ണയം; മുതുവല്ലൂര്‍ പോയി, പകരം എടവണ്ണ
Posted on: 15 Jul 2010


അരീക്കോട്:അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷനുകള്‍ പുനര്‍നിര്‍ണയിച്ച് കരട് പട്ടിക പ്രസിദ്ധീകരിച്ചു. നേരത്തെ അരീക്കോട് ബ്ലോക്ക് പരിധിയിലായിരുന്ന മുതുവല്ലൂര്‍ പഞ്ചായത്തിനെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറ്റി. പകരം വണ്ടൂര്‍ ബ്ലോക്കിന്റെ ഭാഗമായിരുന്ന എടവണ്ണ പഞ്ചായത്തിനെ അരീക്കോട് ബ്ലോക്കിലേക്ക് കൂട്ടിച്ചേര്‍ത്തു. ഡിവിഷനുകളുടെ എണ്ണം 15ല്‍ നിന്ന് 16 ആയി വര്‍ധിപ്പിച്ചു.

2001ലെ സെന്‍സസ് പ്രകാരം ബ്ലോക്ക് പരിധിയില്‍ 1,21,645 പുരുഷന്മാരും 1,23,106 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം ജനസംഖ്യ 2,44,751 ആണ്. ഒരു ബ്ലോക്ക് ഡിവിഷനിലെ ശരാശരി ജനസംഖ്യ 15,297 ആയിരിക്കും.

കിഴുപറമ്പ്, വെറ്റിലപ്പാറ, എടവണ്ണ, എളയൂര്‍, തൃപ്പനച്ചി, കുഴിമണ്ണ, കിഴിശ്ശേരി, വെള്ളേരി, മൈത്ര, ഒതായി, പന്നിപ്പാറ, പുല്‍പ്പറ്റ, കാവനൂര്‍, അരീക്കോട്, ഒമാനൂര്‍, ചീക്കോട് എന്നീ ഡിവിഷനുകളാണുള്ളത്. ഇതില്‍ അരീക്കോട്, മൈത്ര, തൃപ്പനച്ചി, മുതുവല്ലൂര്‍ ഡിവിഷനുകള്‍ സ്ത്രീകള്‍ക്കും കിഴിശ്ശേരി പട്ടികജാതി വനിതയ്ക്കും എളയൂര്‍ പട്ടികജാതിക്കാര്‍ക്ക് പൊതുവിലും സംവരണം ചെയ്തിട്ടുണ്ട്.

കരട് വിജ്ഞാപനത്തില്‍ പരാതിയുള്ളവര്‍ ഈ മാസം 17നകം ജില്ലാ കളക്ടര്‍ക്ക് നല്‍കണം. തുടര്‍ന്ന് ഡീ- ലിമിറ്റേഷന്‍ കമ്മീഷന്‍ പരാതിക്കാരുടെ വാദംകേട്ട് തീര്‍പ്പ് കല്‍പ്പിക്കുന്നതായിരിക്കും.

2010 ജൂലൈ 2, വെള്ളിയാഴ്‌ച

Thekkinchuvadu - Vadakkum Muri V.C.B


തേക്കിന്‍ചുവടിനെയും വടക്കുംമുറിയെയും ബന്ധിപ്പിച്ച് വി.സി.ബി നിര്‍മ്മിക്കുന്നു



അരീക്കോട്: കിഴുപറമ്പ് പഞ്ചായത്തിലെ തേക്കിന്‍ചുവടിനെയും ഊര്‍ങ്ങാട്ടാരി പഞ്ചായത്തിലെ വടക്കും മുറിയെയും ബന്ധിപ്പിച്ച് ചാലിയാറിന്റെ പോഷകനദിയായ ചെറുപുഴയ്ക്ക് കുറുകെ വഴിക്കടവില്‍ വെന്റഡ് ക്രോസ്ബാര്‍ കം ബ്രിഡ്ജ്(വി.സി.ബി) നിര്‍മ്മിക്കുന്നു.

തിരുവനന്തപുരത്തെ ഇറിഗേഷന്‍ ഡിസൈനിങ് ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡ് തയ്യാറാക്കിയ രൂപരേഖ കഴിഞ്ഞദിവസം മലപ്പുറത്തെ മൈനര്‍ ഇറിഗേഷന്‍ ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി എസ്റ്റിമേറ്റും മറ്റും തയ്യാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിക്കും.

നാലുവര്‍ഷം മുമ്പാണ് ഇത്തരമൊരു പദ്ധതി ജില്ലാ ചെറുകിട ജലസേചന വകുപ്പ് തിരുവനന്തപുരത്തെ ഐ.ഡി.ആര്‍.ബിക്ക് സമര്‍പ്പിച്ചത്. അവിടെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന പദ്ധതിക്ക് പുതുജീവന്‍ നല്‍കുന്നതിനുവേണ്ടി പദ്ധതിപ്രദേശത്തുകാരനായ ബ്ലോക്ക് പഞ്ചായത്തംഗം എന്‍.കെ. ഷൗക്കത്തലി നടത്തിയ നിരന്തര ഇടപെടലാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.

പദ്ധതി പൂര്‍ത്തീകരിക്കുന്നപക്ഷം മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി, കിഴുപറമ്പ പഞ്ചായത്തുകളിലെയും കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം തുടങ്ങിയ വിവിധ പ്രദേശങ്ങളിലെയും നിരവധി നെല്‍വയലുകളില്‍ വേനല്‍ക്കാലത്തും വിളവിറക്കാനാവും. അതോടൊപ്പം വാഴ, പച്ചക്കറി തുടങ്ങിയവയുട വേനല്‍ക്കാല കൃഷിയിലും വന്‍വര്‍ധനവുണ്ടാകും.

തെങ്ങ്, കമുക് തുടങ്ങിയ തോട്ടവിളകള്‍ വേനല്‍ക്കാലത്ത് നനയ്ക്കാനാവും. ചെറുപുഴയില്‍ വേനല്‍ക്കാലത്ത് വെള്ളം കെട്ടിനിര്‍ത്താനായാല്‍ ഇരുകരകളിലുമുള്ള കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.

നിര്‍ദ്ദിഷ്ട വി.സി.ബി ഗതാഗതരംഗത്തും വന്‍നേട്ടമായിരിക്കും. ടിപ്പുസുല്‍ത്താന് വയനാടുമായി ബന്ധപ്പെടുന്നതിന് നിര്‍മ്മിച്ച നിലമ്പൂര്‍- താമരശ്ശേരി പാതയിലെ ഒതായി- തേക്കിന്‍ചുവട് റോഡിലാണ് വി.സി.ബി വരുന്നത്.

പത്തനാപുരം പള്ളിപ്പടിയില്‍ ചെറുപുഴപാലം വന്നത് വഴി പൂവത്തിക്കല്‍ മുതല്‍ തേക്കിന്‍ചുവടുവരെ ഈ റോഡിലെ പ്രധാനഭാഗം അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു.

വി.സി.ബി വന്ന് പതിവില്‍ കവിഞ്ഞ വീതിയുള്ള ഈ റോഡ് ഗതാഗതയോഗ്യമാകുന്നപക്ഷം കോഴിക്കോട്, താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍നിന്ന് നിലമ്പൂര്‍, ഊട്ടി ഭാഗത്തേക്കുള്ള ഏറ്റവും എളുപ്പവഴി ഇതായി മാറും. അതോടൊപ്പം കല്ലെരട്ടിക്കല്‍, വടക്കുംമുറി, വെറ്റിലപ്പാറ, ഓടക്കയം തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനും വി.സി.ബി വഴിയൊരുക്കും.

മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി, കിഴുപറമ്പ് പഞ്ചായത്തുകളുടെയും കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍പ്പെട്ട തോട്ടുമുക്കം തുടങ്ങിയ മലയോര മേഖലയുടെയും കാര്‍ഷിക- ഗതാഗത രംഗത്ത് വന്‍കുതിച്ചുചാട്ടമായിരിക്കും നിര്‍ദ്ദിഷ്ട വി.സി.ബി പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുന്നത്.