2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

കലാപത്തിന്റെ നടുക്കും കാഴ്ചകള്‍ കണ്ണില്‍നിന്ന് മറയാതെ ഒരാള്‍
Posted on: 15 Aug 2010


അരീക്കോട്: വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുമ്പോള്‍ വിളയില്‍ കുനന്തലക്കടവിലെ കുന്നിന്‍മുകളിലെ കൊച്ചുവീട്ടിലിരുന്ന് അക്കരപ്പറമ്പന്‍ ഹസ്സന്‍മമ്മദ് തന്റെ മനസ്സിലെ ചരിത്രത്താളുകളെ പിന്നോട്ട് മറിക്കുകയാണ്. കയ്യില്‍ തോക്കും തീപ്പന്തവുമായി പുലരുംമുമ്പെ വീടുതോറും കയറിയിറങ്ങിയിരുന്ന വെള്ളപ്പട്ടാളത്തിന്റെ താണ്ഡവം മമ്മദ് മറന്നിട്ടില്ല.

പ്രായം 105ലെത്തിയിട്ടും കേള്‍വിക്ക് മാത്രം അല്പം മങ്ങലേറ്റു എന്നതൊഴിച്ചാല്‍ ഓര്‍മ്മകള്‍ സജീവമാണ്. വടിയുടെ പോലും സഹായമില്ലാതെ കുന്നിന്‍ മുകളിലെ വീട്ടിലേക്ക് നടന്നുകയറാന്‍ മമ്മദിന് ഇന്നും സാധിക്കുന്നു.

ഹസ്സന്‍മമ്മദിന്റെ ചരിത്ര വിവരണങ്ങളോ അദ്ദേഹത്തിന്റെ പ്രായമോ നിഷേധിക്കാന്‍ വിളയില്‍ ഗ്രാമത്തില്‍ ആരും തയ്യാറല്ല. കാരണം അവര്‍ക്കൊക്കെ കാഴ്ചയുറച്ചപ്പോള്‍ അവര്‍ക്കിടയില്‍ യുവാവായി ഹസ്സന്‍ മമ്മദുണ്ടായിരുന്നു.

മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം വെള്ളക്കാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ വിളയില്‍ ഗ്രാമവും ആ ഒഴുക്കിനനുകൂലമായിരുന്നുവെന്ന് ഹസ്സന്‍ മമ്മദ് പറഞ്ഞു. വിളയില്‍, കുനിന്തലക്കടവ് പ്രദേശങ്ങളിലെ പാമ്പോടന്‍, തലയഞ്ചേരി തുടങ്ങിയ തറവാടുകളില്‍ നിന്നുള്ള 16 പേരായിരുന്നു ഈ പ്രദേശത്തെ ഖിലാഫത്ത് നേതാക്കള്‍.

ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനം ശക്തമായതോടെ അത് നേരിടാന്‍ ചീക്കോട് തലക്കോട്ടിരിയല്‍ ഒരു പട്ടാള ക്യാമ്പ് ബ്രിട്ടീഷുകാര്‍ ആരംഭിച്ചു. അതിനിടെ വിളയില്‍ നാറോംകുളക്കാട്ടുവെച്ച് ഒരു പട്ടാളക്കാരനെ ഖിലാഫത്തുകാര്‍ വകവരുത്തിയതോടെ വെള്ളപ്പട്ടാളത്തിന് കൂടുതല്‍ രൗദ്രഭാവമായി - മമ്മദ് പഴയ കാലത്തിലേക്ക് പോകുന്നു.

തുടര്‍ന്ന് ഖിലാഫത്ത് പ്രവര്‍ത്തകരെത്തേടി വെള്ളപ്പട്ടാളം രാവുംപകലും വീടുകള്‍ കയറിയിറങ്ങി. ക്ഷമനശിച്ചപ്പോള്‍ വീട്ടിലുള്ള സ്ത്രീകളെയും കുട്ടികളെയും പിടിച്ച് പുറത്തിറക്കി വീടിന് തീയിട്ടു. തന്റെ പിതാവ് കുഞ്ഞറമുട്ടി ഹാജിയെ തേടിയും വെള്ളക്കാര്‍ വീട്ടില്‍ വന്നതും ഉമ്മ മമ്മാത്തു തന്നെയും സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ച് വാവിട്ട് കരഞ്ഞതും കൂടെ തങ്ങളും കരഞ്ഞതുമൊക്കെ ഹസ്സന്‍ മമ്മദ് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ത്തെടുക്കുന്നു. വീട്ടില്‍ നിന്നിറങ്ങിയാല്‍ വീട് തീവെക്കുമെന്നറിയാവുന്ന ഉമ്മയുടെ ഒരു തന്ത്രമായിരുന്നു ഈ കരച്ചിലെന്ന് പറയുമ്പോള്‍ ഹസ്സന്‍ മമ്മദ് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നുമുണ്ട്.

വിളയില്‍ എളങ്കോവിലെ നാറോം കുളക്കാട് വനമേഖലയായിരുന്നു ഖിലാഫത്തുകാരുടെ അഭയ കേന്ദ്രം. ഖിലാഫത്ത് നേതാക്കളെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് അക്കാലത്ത് 400രൂപ അംശം അധികാരി ഇനാം പ്രഖ്യാപിച്ചിരുന്നു. ബാപ്പ മൂന്നുമാസക്കാലം ഒളിവില്‍ പോയപ്പോള്‍ കിണറ്റിലെ പച്ചവെള്ളവും കാട്ടിലെ പച്ചിലകളും മാത്രമായിരുന്നു ഭക്ഷണം.

ബ്രിട്ടീഷ്‌നീക്കത്തില്‍ മമ്മദിന്റെ ബാപ്പയൊഴികെ ഒളിവിലായവരെല്ലാം പട്ടാളത്തിന്റെ പിടിയിലായി. ചിലരെ വധശിക്ഷയ്ക്ക് വിധിച്ചു, ചിലരെ ജയിലിലടച്ചു. ഒടുവില്‍ ബാപ്പയെയും പട്ടാളം പിടിച്ചു. തുടര്‍ന്ന് അഞ്ചുവര്‍ഷം ജയില്‍വാസം. തന്റെ പിതാവിനെപ്പോലെ സ്വാതന്ത്ര്യത്തിനായി പോരാടിയവരെയോ ത്യാഗം സഹിച്ചവരെയോ പുതിയ തലമുറ ഓര്‍ക്കാത്തതില്‍ ഹസ്സന്‍ മമ്മദിന് വേദനയുണ്ട്.

ഇദ്ദേഹത്തിന്റെ ആദ്യഭാര്യ മമ്മാത്തുണ്ണി 27വര്‍ഷം മുമ്പുമരിച്ചു. എക്കാപറമ്പിലെ പാത്തുമ്മയാണ് ഇപ്പോള്‍ സഹധര്‍മ്മിണി. അലവി, വല്ലിണ്ണി, മുഹമ്മദ് അബ്ദുറഹിമാന്‍ ഹാജി എന്നീ സഹോദരന്‍മാരും ജീവിച്ചിരിപ്പില്ല. മക്കളില്‍ ആയിശയും മുഹമ്മദും മരിച്ചു. മക്കളില്‍ കദീശുമ്മ ഭര്‍ത്തൃവീട്ടിലും നഫീസ, ആമിന എന്നിവര്‍ ഹസന്‍ മമ്മദിനോടൊപ്പവുമാണ് താമസം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ