2011, മേയ് 7, ശനിയാഴ്‌ച

എസ്‌കവേറ്ററിന് മീതെ കൂറ്റന്‍ പാറവീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പാറ നീക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ എസ്‌കവേറ്ററിനു മീതെ കൂറ്റന്‍ ചെങ്കല്‍പാറ വീണു. അരീക്കോട് കിഴുപറമ്പ് മേലാപറമ്പ് കുന്നില്‍ കിഴുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കിഴക്കുഭാഗത്ത് ചോല കുഞ്ഞാന്‍ ഹാജിയുടെ പറമ്പിലാണ് അപകടം. നേരത്തെ ഇവിടെനിന്ന് മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് കൂറ്റന്‍ ചെങ്കല്‍ പാറകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് നീക്കുന്നതിനുവേണ്ടിയാണ് എസ്‌കവേറ്റര്‍ കൊണ്ടുവന്നത്. പാറ അല്പാല്പമായി പൊടിച്ചു നീക്കുന്നതിനുവേണ്ടി എസ്‌കവേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഭീമന്‍ പാറ അടര്‍ന്ന് എസ്‌കവേറ്ററിന് മീതെ പതിക്കുകയായിരുന്നു. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.


http://www.mathrubhumi.com/malappuram/news/923730-local_news-Areekkodu-%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

മൂര്‍ക്കനാട്- അരീക്കോട് നടപ്പാലം ഇന്ന് തുറക്കും ( Moorkanadu- Areekode Bridge

mathrubhumi



മൂര്‍ക്കനാട്- അരീക്കോട് നടപ്പാലം ഇന്ന് തുറക്കും
Posted on: 28 Feb 2011


അരീക്കോട്:ചാലിയാറിന്റെ ആഴങ്ങളില്‍ മറഞ്ഞുപോയ കുട്ടികളുടെ സ്മരണകളുമായിമൂര്‍ക്കനാട് - അരീക്കോട് നടപ്പാലം തിങ്കളാഴ്ച തുറന്നുകൊടുക്കും. 2009 നവംബര്‍ നാലിനായിരുന്നു ചാലിയാറില്‍ തോണി മറിഞ്ഞ് എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ പൊലിഞ്ഞത്. ഈ ദുരന്തത്തിന് ശേഷമായിരുന്നു കടവില്‍ പാലം നിര്‍മാണത്തിന് നടപടിതുടങ്ങിയത്.

പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ കീഴിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 1.36 കോടി ചെലവില്‍ നിര്‍മിച്ച പാലത്തിന് 220 മീറ്റര്‍ നീളവും 120 സെ.മീ വീതിയുമുണ്ട്.

തിങ്കളാഴ്ച രാവിലെ 10ന് റവന്യുവകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രന്‍ പാലം ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷതവഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയാവും. കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് തുടങ്ങിയവര്‍ സംബന്ധിക്കും.

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

പിടികൂടുന്ന വാഹനങ്ങള്‍ക്ക് മോക്ഷമാകുന്നു; പിഴയീടാക്കാനോ ലേലംചെയ്യാനോ നിര്‍ദേശം




പിടികൂടുന്ന വാഹനങ്ങള്‍ക്ക് മോക്ഷമാകുന്നു; പിഴയീടാക്കാനോ ലേലംചെയ്യാനോ നിര്‍ദേശം



അരീക്കോട്: റോഡരികിലും പോലീസ്‌സ്റ്റേഷനുകളിലും മറ്റുമായി കുമിഞ്ഞുകൂടി നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം. ഇത്തരം വാഹനങ്ങള്‍ ലേലംചെയേ്താ ആവശ്യമായ സെക്യൂരിറ്റി വാങ്ങി ഉടമകള്‍ക്ക് തിരിച്ചുകൊടുത്തോ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമംതുടങ്ങി. ജില്ലയില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം നീക്കുമെന്ന് കഴിഞ്ഞദിവസം അരീക്കോട്ടെത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ അറിയിച്ചിരുന്നു.

പിടികൂടുന്ന വാഹനങ്ങള്‍ യഥാസമയം പിഴചുമത്തി വിട്ടുകൊടുക്കാനോ ലേലംചെയ്യാനോ തയ്യാറാകാതെ കോടികളുടെ നഷ്ടംവരുത്തുന്നതിനെപ്പറ്റി 'മാതൃഭൂമി' റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.

കേസില്‍ 2010 ഏപ്രില്‍ 19ന് വന്ന സുപ്രീംകോടതി വിധിയും ഇതേകാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നൂറുകണക്കിന് കോടികളുടെ ദേശീയനഷ്ടമെന്നാണ് ഈ നാശനഷ്ടത്തെ കോടതി വിലയിരുത്തിയത്. കൊള്ള, കളവ് മുതലായ ഘട്ടങ്ങളില്‍ തൊണ്ടിമുതലിന്റെ ഫോട്ടോകളെടുത്തും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയും മതിയായ സെക്യൂരിറ്റിയുടെ പിന്‍ബലത്തിലും കസ്റ്റഡിയിലെടുത്ത സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാമെന്ന് കോടതിവിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വാഹനത്തിന് ആരും അവകാശവാദമുന്നയിക്കാത്തപക്ഷം ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായോ മറ്റോ ബന്ധപ്പെട്ട് ഉടമയെ കണ്ടെത്താവുന്നതാണെന്നും അതിനും സാധിക്കുന്നില്ലെങ്കില്‍ ആറുമാസത്തിനകം വാഹനം വില്പന നടത്തി പണം സര്‍ക്കാര്‍ സൂക്ഷിക്കണമെന്നുമാണ് കോടതി നിര്‍ദേശം.

സുപ്രീംകോടതി വിധിയുടെയും കേരള ഹൈക്കോടതിയിലെ 2009ലെ വിധിയുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ ജനവരി ഏഴിനും ഫിബ്രവരി എട്ടിനും ഡി.ജി.പി ജേക്കബ് പുന്നൂസ് എകൈ്‌സസ് വകുപ്പുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് ഉത്തരവുകള്‍ ഇറക്കിക്കഴിഞ്ഞു. അബ്കാരി നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളാണ് ഈ ഉത്തരവുകളിലെ വിഷയം. ഉടന്‍ തീരുമാനങ്ങളെടുത്ത് വാഹനങ്ങള്‍ വിട്ടുകൊടുക്കുകയോ ലേലംചെയ്യുകയോ ചെയ്യണമെന്ന് കാണിച്ച് പോലീസ് ആസ്ഥാനത്തുനിന്ന് റവന്യുവകുപ്പിനുള്ള നിര്‍ദേശങ്ങളും കഴിഞ്ഞദിവസം കളക്ടറേറ്റുകളിലെത്തിയിട്ടുണ്ട്.

2010, നവംബർ 4, വ്യാഴാഴ്‌ച

അവര്‍ എട്ടുപേര്‍ ഇന്ന് തിരിച്ചു വരും കൂട്ടുകാരുടെ ഓര്‍മകളിലേക്ക്‌
Posted on: 04 Nov 2010


അരീക്കോട് തോണിദുരന്തത്തിന് ഇന്ന് ഒരു വയസ്സ്


അരീക്കോട്: മൂര്‍ക്കനാട് തോണി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ആ എട്ടുപേരും ഇന്ന് തിരിച്ചുവരും- കൂട്ടുകാരുടെ ഓര്‍മകളിലേക്ക്. കുഴിമണ്ണ നുള്ളിയില്‍ മുഹമ്മദ് ഷരീഫിന്റെ മകന്‍ മുഹമ്മദ് മുഷ്ഫിഖ്, എടവണ്ണ പാലപ്പറ്റ എളയേടത്ത് അബ്ദുല്‍ കലീമിന്റെ മകന്‍ തൗഫീഖ്, കാവനൂര്‍ തോട്ടിലങ്ങാടി നടുക്കണ്ടത്തില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ കെ.സി. ഷമീം, ചെമ്രക്കാട്ടൂര്‍ അമ്പലപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ ശിഹാബുദ്ദീന്‍ കെ, കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പില്‍ അലി മുസ്‌ലിയാരുടെ മകള്‍ ത്വയ്യിബ എം.പി., അയല്‍വാസിയും ബന്ധുവുമായ മങ്ങാട്ടുപറമ്പില്‍ ഷൗക്കത്തലിയുടെ മകന്‍ എം.പി. ഷാഹിദലി, ഉഗ്രപുരം തൃക്കുളത്ത് അബൂബക്കറിന്റെ മകന്‍ പി. സുഹൈല്‍, കുനിയില്‍ എം.പി. നാസറിന്റെ മകന്‍ എന്‍.വി.സിറാജ്ജുദ്ദീന്‍ എന്നിവരായിരുന്നു ചാലിയാറിന്റെ ആഴങ്ങളില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ ആ എട്ട് പേര്‍.

ഇവര്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഒത്തുചേരും. തങ്ങളോട് പറയാതെ പറന്നകന്ന ആ പഴയ കൂട്ടുകാരെ ഒന്നോര്‍മിക്കാന്‍. വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.വി. നജീബാ ഇബ്രാഹിമും ചടങ്ങിനെത്തിച്ചേരുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. എന്തായാലും പരീക്ഷക്കിടയിലെ ചടങ്ങ് ലളിതമായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ലക്ഷങ്ങള്‍മുടക്കി 800 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ലൈബ്രറി കെട്ടിടം മരണപ്പെട്ട വിദ്യാര്‍ഥികളുടെ സ്മരണാര്‍ഥമായിരിക്കുമെന്നും അവര്‍ പറഞ്ഞു. അധ്യാപക സംഘടനകളും മരിച്ച വിദ്യാര്‍ഥികളെ അനുസ്മരിക്കുന്നുണ്ട്. കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി വ്യാഴാഴ്ച കെ.എസ്.ടി.എ. ഭവനില്‍ വൈകുന്നേരം അഞ്ചിന് അനുസ്മരണം നടത്തും.

mathrubhumi
ദുരന്ത സ്മരണയുണര്‍ത്തുന്ന കടത്തു തോണി തെരുവോരത്ത് നശിക്കുന്നു
Posted on: 04 Nov 2010


അരീക്കോട്: മൂര്‍ക്കനാട് തോണി ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്സ് തികയുമ്പോള്‍ അരീക്കോട്ടുകാരന്റെ മനസ്സിലെ ദുരന്ത സ്മരണകളെ മറക്കാന്‍ വിടാത്ത കടത്തുതോണി മഴയും വെയിലുമേറ്റ് തെരുവോരത്ത് നശിക്കുന്നു.

ദുരന്തത്തിന്റെ കാരണക്കാരനെന്ന നിലയില്‍ കടത്തുകാരന്‍ ഊര്‍ങ്ങാട്ടിരി മൈത്രയിലെ ഓട്ടുങ്ങാടന്‍ ഉസ്മാനെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഈ കേസിലെ തൊണ്ടിമുതലെന്ന നിലയിലാണ് പോലീസ് തോണി കസ്റ്റഡിയിലെടുത്തത്. മൂര്‍ക്കനാട് കടവില്‍നിന്നും ലോറിയില്‍ കയറ്റി അരീക്കോട് പോലീസ് സ്റ്റേഷനുമുന്നില്‍ ഇറക്കിയ തോണി അന്നുമുതല്‍ മഴയും വെയിലുമേറ്റ് ഒരേ കിടപ്പാണ്.

മൈത്രിയിലെ കണ്ണഞ്ചീരി റഷീദാണ് തോണി ഉടമ. ഇദ്ദേഹത്തില്‍നിന്നും ഉസ്മാന്‍ കടത്തിനുവേണ്ടി തോണി പാട്ടത്തിനെടുത്തതായിരുന്നു. ദുരന്തം നടക്കുമ്പോഴാകട്ടെ, റഷീദ് ഹജ്ജിന് സൗദി അറേബ്യയിലായിരുന്നുതാനും, തിരിച്ചെത്തിയ റഷീദ് കണ്ടത് റോഡരികില്‍ മഴയും വെയിലുമേറ്റ് നശിക്കുന്ന തോണിയാണ്. തോണി പാട്ടത്തിനെടുത്ത ഉസ്മാനോ അത് കസ്റ്റഡിയിലെടുത്ത അധികൃതരോ ഒരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് തോണിയൊന്ന് മൂടാന്‍ പോലും സന്‍മനസ്സ് കാണിച്ചില്ലെന്നതാണ് റഷീദിന്റെ മുഖ്യ പരാതി.

പരമ്പരഗാത രീതിയില്‍ നിറയെ ഇരുമ്പുകൊണ്ടുള്ള വലിയ പ്രത്യേക തരം ആണി കയറ്റിനിര്‍മിക്കുന്ന തോണിയാണിതെന്നും റഷീദ് പറഞ്ഞു. ഇന്നത്തെ നിലയില്‍ ഇത്തരമൊരു തോണിക്ക് ഒന്നരലക്ഷത്തോളം രൂപ വില വരുമത്രെ.
ജിഥിന്‍ വീണ്ടുമെത്തി; ചാലിയാറിനെ ഒന്നുകൂടി കാണാന്‍
Posted on: 04 Nov 2010


അരീക്കോട്: ജിഥിന്‍ ബുധനാഴ്ച വീണ്ടും ചാലിയാറിന്റെ കരയിലെത്തി. ഒരുവര്‍ഷംമുമ്പ് ഇതുപോലൊരു നവംബറിലെ ആദ്യ ബുധനാഴ്ചയായിരുന്നു ജിഥിന്റെ എട്ട് കളിക്കൂട്ടുകാരുടെ ജീവന്‍ ചാലിയാറെടുത്തത്. ഒരുമുടിനാരിന്റെ വ്യത്യാസത്തില്‍ ജിഥിന്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടതും അതേദിവസംതന്നെ.

പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് ജിഥിന്റെ താമസം. അത്യാവശ്യത്തിന് അരീക്കോട് പോകേണ്ടിവരുന്ന ഒന്നോ രണ്ടോ ദിവസങ്ങളിലേ ജിഥിന്‍ മൂര്‍ക്കനാട് കടവില്‍നിന്ന് തോണി കയറിയിട്ടുള്ളൂ. കഴിഞ്ഞ നവംബര്‍ നാലിനും ചെറിയ സാധനങ്ങള്‍ വാങ്ങാനായാണ് കൂട്ടുകാരോടൊത്ത് അരീക്കോട്ടേക്ക് തിരിച്ചത്. ആദ്യം കടവിലെത്തിയതുകാരണം തോണിയില്‍ കയറി മുന്നോട്ട് നീങ്ങിനിന്നിരുന്ന ജിഥിന് പിന്നെ പിന്നോട്ട് നീങ്ങുക പ്രയാസമായിരുന്നു. അതുകൊണ്ടാണ് ഏതാനുംപേര്‍ ഇറങ്ങണമെന്ന് കടത്തുകാരന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ജിഥിന്‍ തോണിയില്‍നിന്നിറങ്ങാതിരുന്നത്.

നീന്തല്‍ അറിയാത്ത ജിഥിന് ഉസ്മാന്റെ കല്പന അനുസരിക്കണമെന്നുണ്ടായിരുന്നു. മനസില്‍ ഭയം തോന്നുകയുമുണ്ടായി. പക്ഷേ, തോണിയുടെ മുന്നറ്റത്തുനിന്ന് പിന്നോട്ട് നീങ്ങുക പ്രയാസമായതിനാല്‍ അവിടെത്തന്നെ നിന്നു.

ഏതാനും മീറ്റര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ വഞ്ചി ആടി ഉലഞ്ഞതോടെ വെള്ളത്തിലേക്ക് മറിഞ്ഞുവീണതേ ജിഥിന് ഓര്‍മയുള്ളൂ. രണ്ടോ മൂന്നോ പ്രാവശ്യം മുങ്ങിത്താണപ്പോഴേക്കും ആരോ പിടിച്ച് വലിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. സഹപാഠിയായ റിയാസും മറ്റും ചേര്‍ന്ന് മൈത്ര റോഡിലേക്കെത്തിച്ചപ്പോഴേക്കും കൂത്തുപറമ്പ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. അബ്ദുറഹിമാന്‍ ബൈക്കില്‍ വരുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജിഥിനെ അരീക്കോട് ഗവ. ആസ്​പത്രിയിലെത്തിക്കുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം ജിഥിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. മൂന്നുദിവസം അവിടെ ഐ.സിയുവില്‍ കിടക്കേണ്ടിവന്നു.

ആരൊക്കെയോ പാടുപെട്ടിട്ടാണെങ്കിലും തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം ജിഥിന്‍ മറച്ചുവെക്കുന്നില്ല. അതേസമയം തന്റെ എട്ട് സഹപാഠികളെ നഷ്ടപ്പെട്ട ദുഃഖം ജിഥിന്റെ മുഖത്ത് ഇപ്പോഴുമുണ്ട്. എല്ലാം ഉള്ളിലൊതുക്കി പരീക്ഷയ്ക്കിടയിലും ജിഥിന്‍ ഇന്നലെ വീണ്ടും ചാലിയാറിന്റെ തീരത്തെത്തി. ജീവനെടുക്കാതെ തന്നെ കരയിലേക്ക് തിരിച്ചെത്താന്‍ അനുവദിച്ച ചാലിയാറിനെ ഒന്നുകൂടി കാണാന്‍.

2010, നവംബർ 3, ബുധനാഴ്‌ച

അരീക്കോട് തോണി ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്സ്
Posted on: 03 Nov 2010


അരീക്കോട്: മലപ്പുറത്തെ കണ്ണീരിലാഴ്ത്തിയ അരീക്കോട് തോണി ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്സ്. 2009 നവംബര്‍ നാലിനാണ് ചാലിയാറിന്റെ ആഴങ്ങളില്‍ എട്ട് കുരുന്നുജീവനുകള്‍ പൊലിഞ്ഞത്.

പരിധിയിലധികം ആളുകള്‍ തോണിയില്‍ കയറിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. തോണിക്കാരന്‍ ഉസ്മാന്റെ വിലക്ക് മറികടന്നാണ് അന്ന് മുപ്പതോളംപേര്‍ ഒരുമിച്ച് തോണിയില്‍ കയറിയത്. ഉസ്മാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇറങ്ങിയത് രണ്ടുപേര്‍ മാത്രമായിരുന്നു. ബാക്കി ആരും വഴങ്ങുന്നില്ലെന്ന് കണ്ട് കടത്തുകാരന്‍ കയറില്‍ വലിച്ച് തോണി മറുകരയ്ക്ക് നീക്കുകയായിരുന്നു. അല്പദൂരം നീങ്ങിയപ്പോള്‍ തോണി മുങ്ങി.

താനും നീന്താനറിയാവുന്ന വിദ്യാര്‍ഥികളും ചേര്‍ന്ന് മുങ്ങിപ്പൊങ്ങിയ വിദ്യാര്‍ഥികളെ കരക്കെത്തിച്ച കാര്യം ഉസ്മാന്‍ ഇന്നും ഓര്‍ക്കുന്നു. കരയില്‍ നില്‍ക്കുകയായിരുന്ന ഏതാനും വിദ്യാര്‍ഥികളും വെള്ളത്തിലേക്ക് എടുത്തുചാടി ചിലരെ രക്ഷിച്ചു. വിവരമറിഞ്ഞ് മണല്‍ത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

മരിച്ചവരില്‍ ഏഴ് ആണ്‍കുട്ടികളുണ്ടായിരുന്നു. ഇവരില്‍ പലര്‍ക്കും നീന്താന്‍ വശമുണ്ടായിരുന്നെങ്കിലും തോണിക്കടിയില്‍ പെട്ടതാണ് ദുരന്തകാരണമായത്.

സര്‍ക്കാരില്‍ നിന്നും അധ്യാപക സംഘടനകളില്‍ നിന്നും ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമൊഴുകി. ഏതാനും ദിവസങ്ങള്‍ ഈ ദുരന്തത്തെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറഞ്ഞുനിന്നു. കാലക്രമേണ എല്ലാവരും എല്ലാംമറന്നു. എന്നാല്‍ യൂണിഫോമിട്ട ഓരോകുട്ടിയെ കാണുമ്പോഴും ആ സംഭവം കണ്‍മുമ്പില്‍ തെളിഞ്ഞു വരികയാണ് - കടത്തുകാരന്‍ ഉസ്മാന്‍ പറഞ്ഞു
ദുരന്ത വാര്‍ഷികത്തിലും നടപ്പാലം പാതിവഴിയില്‍
Posted on: 03 Nov 2010



അരീക്കോട്: തോണി ദുരന്തം കഴിഞ്ഞ് ഒരാണ്ടായിട്ടും പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ കടത്തുതോണിയെ ആശ്രയിക്കുന്ന കടവുകളിലെല്ലാം നടപ്പാലമോ തൂക്കുപാലമോ നിര്‍മിക്കുമെന്നായിരുന്നു ഇതില്‍ ഒന്ന്. ഇതിനായി നൂറില്‍പ്പരം സ്ഥലങ്ങളും അധികൃതര്‍ കണ്ടെത്തി. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ആദ്യം 29 പാലങ്ങള്‍ നിര്‍മിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം.

അരീക്കോട് സ്‌കൂള്‍കടവിന് പുറമെ ഒരു ജില്ലയില്‍ രണ്ടുവീതം മൊത്തം 28 പാലങ്ങള്‍കൂടി നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അവസാനം അരീക്കോട്ടെ പാലത്തിനുള്ള ഫണ്ട് കണ്ടെത്താന്‍പോലും റവന്യൂവകുപ്പ് പ്രയാസപ്പെട്ടു. കേന്ദ്രത്തില്‍ നിന്ന് സഹായം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും കിട്ടിയില്ല.

ഈ ഘട്ടത്തിലാണ് കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് അനുവദിച്ച തുക ചെലവഴിക്കാതെ നില്‍ക്കുന്നത് റവന്യൂവകുപ്പ് കണ്ടെത്തിയത്. അരീക്കോട്ടെ നടപ്പാലത്തിന് ആ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കി ഒരു പാലത്തിനെങ്കിലും അധികൃതര്‍ പച്ചക്കൊടി കാട്ടിയതങ്ങനെയാണ്.

200 മീറ്ററിലധികം നീളവും ഒരു മീറ്ററിലധികം വീതിയും വരുന്ന നടപ്പാലത്തിന് 1.36 കോടി രൂപയുടെ എസ്റ്റിമേറ്റും അധികൃതര്‍ തയ്യാറാക്കി. തുടര്‍ന്ന് കഴിഞ്ഞ മെയ് 18 ന് റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ പാലത്തിന് തറക്കല്ലിടുകയും ചെയ്തു. അടുത്ത ആഗസ്ത് 15 ന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു അന്ന് മന്ത്രി നടത്തിയ പ്രഖ്യാപനം. ചാലിയാറിലെ കുത്തൊഴുക്കിനെക്കുറിച്ച് ധാരണയുള്ള നാട്ടുകാര്‍ ഇത് വിശ്വസിച്ചില്ലെങ്കിലും ദുരന്തവാര്‍ഷികത്തിനെങ്കിലും ഗതാഗതം സാധ്യമാകുമെന്നായിരുന്നു പ്രതീക്ഷ. പ്രതികൂല കാലാവസ്ഥയും വിദഗ്ധ തൊഴിലാളികളെ കിട്ടാനുള്ള പ്രയാസവുമാണ് പണി നീളാനിടയാക്കിയതെന്ന് കരാറുകാര്‍ പറയുന്നു. എന്തായാലും തുലാവര്‍ഷം കഴിഞ്ഞുള്ള അനുകൂല കാലാവസ്ഥയില്‍ പണി പൂര്‍ത്തിയാക്കാനാകുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

അര്‍ഷദിന് വെളിച്ചമേകാന്‍ യുവാക്കളുടെ കൂട്ടായ്മ
Posted on: 22 Sep 2010



അരീക്കോട്: കണ്ണില്‍ ഇരുട്ട് കയറി കാഴ്ചയില്ലാതാകുന്ന പുത്തലം മുള്ളത്ത് കുന്നിലെ അര്‍ഷദിനെ സഹായിക്കാന്‍ പുത്തലം വൈ.സി.എ. ക്ലബ്ബ് തിരൂമാനിച്ചു. ഞായറാഴ്ച മാതൃഭൂമിയാണ് അര്‍ഷദിന്റെ കദന കഥ പുറത്തറിയിച്ചത്. കുടത്ത മനോദൗര്‍ബല്യമുള്ള അര്‍ഷദിന്റെ കാഴ്ച സംരക്ഷിക്കാന്‍ കനിവുള്ളവരുടെ സഹായം ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. സഹായധനം സ്വരൂപിക്കുന്നതിനായി സമിതി രൂപവത്കരിച്ചിട്ടുണ്ട്.

അരീക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ 9001 നമ്പറില്‍ അര്‍ഷദിന്റെ മാതാവ് അസ്മാബിയുടെ പേരില്‍ അക്കൗണ്ടും ആരംഭിച്ചതായി ക്ലബ്ബ് സെക്രട്ടറി ഫിറോസ്ഖാന്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ 9744448259.
ആറുകോടി മുടക്കി പൊതുമരാമത്ത് റോഡ് മിനുക്കുന്നു; 11 കോടി മുടക്കി ജലഅതോറിറ്റി പൊളിക്കാന്‍ വരുന്നു
Posted on: 20 Sep 2010


അരീക്കോട്: ആറുകോടിയില്‍പ്പരം രൂപ മുടക്കി ബി.എം ആന്‍ഡ് ബി.സി സാങ്കേതികവിദ്യയില്‍ നവീകരിക്കുന്ന അരീക്കോട്- മഞ്ചേരി റോഡ് പൊളിച്ച് ചാലുകീറി പൈപ്പ് സ്ഥാപിക്കാന്‍ 11 കോടി രൂപയുടെ പദ്ധതിയുമായി ജല അതോറിറ്റി പിന്നാലെ വരുന്നു.

അരീക്കോട്- തിരൂര്‍ക്കാട് സംസ്ഥാനപാതയില്‍ അരീക്കോട് മുതല്‍ എളയൂര്‍വരെ മാസങ്ങള്‍ക്കുമുമ്പ് റോഡ് നവീകരിച്ചിരുന്നു. ബാക്കി ഭാഗത്തിന്റെ ജോലിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നത്. ഇതില്‍ എളയൂര്‍ മുതല്‍ മഞ്ചേരി നെല്ലിപ്പറമ്പ് വരെയുള്ള കുഴിഞ്ഞ ഭാഗങ്ങള്‍ ഉയര്‍ത്തുന്നതിനും ഓവുപാലങ്ങള്‍ പുതുക്കിപ്പണിയുന്നതിനും ആധുനിക രീതിയില്‍ ടാറിങ് നടത്തുന്നതിനും ഏകദേശം ആറു കോടിയില്‍പ്പരം രൂപയാണ് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് വകയിരുത്തിയിട്ടുള്ളത്. ആധുനിക യന്ത്രസംവിധാനങ്ങള്‍ സ്വന്തമായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കണ്‍സ്ട്രക്ഷന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ജോലി കരാറെടുത്തിരിക്കുന്നത്.

അതിനിടെയാണ് മഞ്ചേരി പട്ടണത്തിലെ ശുദ്ധജല വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി 14 കോടി രൂപ ചെലവുവരുന്ന പദ്ധതിയുമായി ജല അതോറിറ്റി രംഗത്തെത്തുന്നത്. ഇതില്‍ 11 കോടിയും അരീക്കോട് കിളിക്കല്ല് മുതല്‍ മഞ്ചേരിയിലെ ചെരണി വരെയുള്ളപൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ളതാണ്.

ഏകദേശം 25 വര്‍ഷംമുമ്പ് സ്ഥാപിച്ച 400 എം.എം പ്രിമോ പൈപ്പുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ജലവിതരണം നടത്തുന്നത്. ഈ പൈപ്പുകളുടെ കാലപ്പഴക്കവും മറ്റും കാരണം ഉണ്ടാകുന്ന കുഴപ്പങ്ങള്‍ മൂലം കിളിക്കല്ലില്‍നിന്നും 120 ലക്ഷം ലിറ്റര്‍ വെള്ളത്തില്‍ പകുതിമാത്രമേ മഞ്ചേരിയില്‍ എത്തുന്നുള്ളൂവെന്ന് കാണിച്ച് കഴിഞ്ഞ മാര്‍ച്ച് 15ന് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഏകദേശം 11 കോടി രൂപയും കൂടുതല്‍ ശക്തിയുള്ള മോട്ടോറുകള്‍ സ്ഥാപിക്കുന്നതിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കുമായി മൂന്നുകോടി രൂപയും ചെലവുവരുന്ന പദ്ധതിയാണ് ജല അതോറിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ഇതിന്റെ ടെന്‍ഡര്‍ അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ തുടര്‍പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകാനിടയുള്ളൂ.

നിലവിലുള്ള പൈപ്പുകള്‍ക്ക് എതിര്‍വശത്ത് 600 എം.എം.ഡി.ഐ പൈപ്പുകള്‍ സ്ഥാപിക്കാനാണ് ജല അതോറിറ്റിയുടെ പദ്ധതി. ഇതിന് ജെ.സി.ബി ഉപയോഗിച്ച് ഒന്നര മീറ്റര്‍ ആഴത്തില്‍ കിടങ്ങ് കീറേണ്ടിവരും. ജല അതോറിറ്റി ജെ.സി.ബിയുമായി കിടങ്ങ് കീറാന്‍ വരുമ്പോഴേക്കും പൊതുമരാമത്ത് വകുപ്പ് ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ തീര്‍ത്ത് സ്ഥലം വിട്ടിരിക്കുമെന്നുറപ്പാണ്. ഇവിടെ വീണ്ടും ചാല് കീറുമ്പോള്‍ വീണ്ടും റോഡ് പൊട്ടിപ്പൊളിയും. കൂടാതെ റോഡിനൊപ്പം വീതികൂട്ടിയ 33 വലിയ ഓവുപാലങ്ങളും പൊളിക്കേണ്ടിവരും.

റോഡിന്റെ ഉപരിതലം പുതുക്കാന്‍ പോകുന്ന വിവരം തങ്ങള്‍ ജല അതോറിറ്റിയെ വളരെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടനുവദിച്ച് ഒമ്പതുമാസം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും ഇത്തരം പ്രശ്‌നങ്ങള്‍കാരണം തങ്ങള്‍ പറഞ്ഞ തീയതിയും കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ റോഡുപണി തുടങ്ങിയതെന്നും പൊതുമരാമത്ത് വകുപ്പധികൃതര്‍ പറയുന്നു.

എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറില്‍നിന്ന് അനുമതി ലഭിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തുന്നതിനുമൊക്കെ സ്വാഭാവിക കാലതാമസം നേരിട്ടതല്ലാതെ തങ്ങളുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജല അതോറിറ്റി അധികൃതരും പറയുന്നു.



റോഡ് പൊളിക്കാതെ പൈപ്പിടാന്‍ വഴി
Posted on: 20 Sep 2010


ഒരുവശത്ത് റോഡ് മിനുക്കുമ്പോള്‍ മറുവശത്ത് റോഡ് പൊളിക്കേണ്ടി വരുന്നതൊഴിവാക്കാന്‍ ഉതകുന്ന വഴി വേണമെങ്കില്‍ കണ്ടെത്താനാകും. അരീക്കോട്- മഞ്ചേരി റോഡ് ഒഴിവാക്കി മറ്റൊരു പാതയിലൂടെ പൈപ്പ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് മാതൃഭൂമിയുടെ അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ജല അതോറിറ്റിയുടെ കിളിക്കല്ലിലുള്ള ജല ശുദ്ധീകരണശാലയെ തൊട്ടുരുമ്മി കിളിക്കല്ല്- ഇരുവേറ്റി റോഡ് കടന്നുപോകുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ടാറിങ് നടത്തിയ ഈ റോഡ് ഏതാണ്ടെല്ലാ ഭാഗവും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇരിവേറ്റിയില്‍ ഈ റോഡ് അവസാനിക്കുന്നിടത്തുനിന്നും ചെരണിയിലേക്ക് പൊതുമരാമത്ത് വക റോഡുമുണ്ട്. ചുരുക്കത്തില്‍ കിളിക്കല്ല് മുതല്‍ ചെരണിവരെ ഗതാഗതം കുറഞ്ഞ റോഡുണ്ടെന്നര്‍ഥം. അരീക്കോട്- മഞ്ചേരി റോഡിലൂടെ ചെരണിയിലേക്കുള്ളതിനേക്കാള്‍ ഇതുവഴി ഒരു കിലോമീറ്റര്‍ ദൂരം കൂടുതലുണ്ടെന്നതാണ് ഇവിടെയുള്ള ഒരു പ്രശ്‌നം. അതിനാല്‍അധികം പൈപ്പ് സ്ഥാപിക്കേണ്ടിവരുമെന്നര്‍ഥം. നിലവിലുള്ള എസ്റ്റിമേറ്റിനകത്തുനിന്നുതന്നെ ഇതിനുള്ള തുക കണ്ടെത്താന്‍ കഴിയും.

ബി.എം. ആന്‍ഡ് ബി.സി. രീതിയില്‍ ടാറിങ് നടത്തുമ്പോള്‍ ആദ്യം അഞ്ച് സെ.മീ. കനത്തില്‍ പരുക്കന്‍ ടാറിങ്ങും പിന്നീട് മൂന്ന് സെ.മീ. കനത്തില്‍ വെള്ളമിറങ്ങാത്ത പ്രത്യേക ടാര്‍ കോണ്‍ക്രീറ്റിങ്ങുമാണ് നടത്തുന്നത്. 1 കി.മീ. ദൂരത്തില്‍ ഈ പ്രവൃത്തി ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 40 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. കിളിക്കല്ല് മുതല്‍ ചെരണിവരെ പൈപ്പ് സ്ഥാപിക്കാന്‍ രണ്ടേമുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ റോഡിലെ ടാറിങ് പൊളിക്കേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 33 വലിയ ഓവുപാലങ്ങളും പൊളിക്കേണ്ടിവരും. ഇതെല്ലാംകൂടി കണക്കാക്കി ഒന്നേമുക്കാല്‍ കോടി രൂപ ജലഅതോറിറ്റി ദേശീയപാതാ അതോറിറ്റിക്ക് നല്‍കേണ്ടിവരും.

അതേസമയം കിളിക്കല്ല്- ഇരിവേറ്റി വഴി ചെരണി വരെ പൈപ്പ് സ്ഥാപിക്കാന്‍ റോഡരികിലൂടെ ചാല് കീറിയാല്‍ മതിയാകും. അത്യാവശ്യഘട്ടത്തില്‍ ടാറിങ് പൊളിക്കേണ്ടിവന്നാല്‍ത്തന്നെ അതിനുള്ള ചെലവ് 25 ലക്ഷത്തിലൊതുങ്ങും. ബാക്കിവരുന്ന 1 കോടി രൂപകൊണ്ട് അധികംവരുന്ന ഒരു കിലോമീറ്റര്‍ ദൂരം പൈപ്പ് സ്ഥാപിക്കാനാകുമെന്നതിനാല്‍ നിലവിലുള്ള എസ്റ്റിമേറ്റ് തുകയില്‍ വര്‍ധനവ് വരുത്താതെ പദ്ധതിയുടെ റൂട്ടില്‍ അല്പം മാറ്റംവരുത്തി പ്രശ്‌നം പരിഹരിക്കാനാകുമെന്നര്‍ഥം. ബി.എസ്.എന്‍.എല്ലിന്റെയും സ്വകാര്യ കമ്പനികളുടേയും ടെലിഫോണ്‍ കേബിളുകള്‍ മുറിഞ്ഞും വിവിധ ജലവിതരണ പൈപ്പുകള്‍ പൊട്ടിയും മറ്റുമുണ്ടാകുന്ന നാശനഷ്ടങ്ങളും ഇതുവഴി ഒഴിവാക്കാനാകും.