2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ആറുകോടി മുടക്കി പൊതുമരാമത്ത് റോഡ് മിനുക്കുന്നു; 11 കോടി മുടക്കി ജലഅതോറിറ്റി പൊളിക്കാന്‍ വരുന്നു
Posted on: 20 Sep 2010


അരീക്കോട്: ആറുകോടിയില്‍പ്പരം രൂപ മുടക്കി ബി.എം ആന്‍ഡ് ബി.സി സാങ്കേതികവിദ്യയില്‍ നവീകരിക്കുന്ന അരീക്കോട്- മഞ്ചേരി റോഡ് പൊളിച്ച് ചാലുകീറി പൈപ്പ് സ്ഥാപിക്കാന്‍ 11 കോടി രൂപയുടെ പദ്ധതിയുമായി ജല അതോറിറ്റി പിന്നാലെ വരുന്നു.

അരീക്കോട്- തിരൂര്‍ക്കാട് സംസ്ഥാനപാതയില്‍ അരീക്കോട് മുതല്‍ എളയൂര്‍വരെ മാസങ്ങള്‍ക്കുമുമ്പ് റോഡ് നവീകരിച്ചിരുന്നു. ബാക്കി ഭാഗത്തിന്റെ ജോലിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നത്. ഇതില്‍ എളയൂര്‍ മുതല്‍ മഞ്ചേരി നെല്ലിപ്പറമ്പ് വരെയുള്ള കുഴിഞ്ഞ ഭാഗങ്ങള്‍ ഉയര്‍ത്തുന്നതിനും ഓവുപാലങ്ങള്‍ പുതുക്കിപ്പണിയുന്നതിനും ആധുനിക രീതിയില്‍ ടാറിങ് നടത്തുന്നതിനും ഏകദേശം ആറു കോടിയില്‍പ്പരം രൂപയാണ് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് വകയിരുത്തിയിട്ടുള്ളത്. ആധുനിക യന്ത്രസംവിധാനങ്ങള്‍ സ്വന്തമായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കണ്‍സ്ട്രക്ഷന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ജോലി കരാറെടുത്തിരിക്കുന്നത്.

അതിനിടെയാണ് മഞ്ചേരി പട്ടണത്തിലെ ശുദ്ധജല വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി 14 കോടി രൂപ ചെലവുവരുന്ന പദ്ധതിയുമായി ജല അതോറിറ്റി രംഗത്തെത്തുന്നത്. ഇതില്‍ 11 കോടിയും അരീക്കോട് കിളിക്കല്ല് മുതല്‍ മഞ്ചേരിയിലെ ചെരണി വരെയുള്ളപൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ളതാണ്.

ഏകദേശം 25 വര്‍ഷംമുമ്പ് സ്ഥാപിച്ച 400 എം.എം പ്രിമോ പൈപ്പുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ജലവിതരണം നടത്തുന്നത്. ഈ പൈപ്പുകളുടെ കാലപ്പഴക്കവും മറ്റും കാരണം ഉണ്ടാകുന്ന കുഴപ്പങ്ങള്‍ മൂലം കിളിക്കല്ലില്‍നിന്നും 120 ലക്ഷം ലിറ്റര്‍ വെള്ളത്തില്‍ പകുതിമാത്രമേ മഞ്ചേരിയില്‍ എത്തുന്നുള്ളൂവെന്ന് കാണിച്ച് കഴിഞ്ഞ മാര്‍ച്ച് 15ന് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഏകദേശം 11 കോടി രൂപയും കൂടുതല്‍ ശക്തിയുള്ള മോട്ടോറുകള്‍ സ്ഥാപിക്കുന്നതിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കുമായി മൂന്നുകോടി രൂപയും ചെലവുവരുന്ന പദ്ധതിയാണ് ജല അതോറിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ഇതിന്റെ ടെന്‍ഡര്‍ അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ തുടര്‍പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകാനിടയുള്ളൂ.

നിലവിലുള്ള പൈപ്പുകള്‍ക്ക് എതിര്‍വശത്ത് 600 എം.എം.ഡി.ഐ പൈപ്പുകള്‍ സ്ഥാപിക്കാനാണ് ജല അതോറിറ്റിയുടെ പദ്ധതി. ഇതിന് ജെ.സി.ബി ഉപയോഗിച്ച് ഒന്നര മീറ്റര്‍ ആഴത്തില്‍ കിടങ്ങ് കീറേണ്ടിവരും. ജല അതോറിറ്റി ജെ.സി.ബിയുമായി കിടങ്ങ് കീറാന്‍ വരുമ്പോഴേക്കും പൊതുമരാമത്ത് വകുപ്പ് ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ തീര്‍ത്ത് സ്ഥലം വിട്ടിരിക്കുമെന്നുറപ്പാണ്. ഇവിടെ വീണ്ടും ചാല് കീറുമ്പോള്‍ വീണ്ടും റോഡ് പൊട്ടിപ്പൊളിയും. കൂടാതെ റോഡിനൊപ്പം വീതികൂട്ടിയ 33 വലിയ ഓവുപാലങ്ങളും പൊളിക്കേണ്ടിവരും.

റോഡിന്റെ ഉപരിതലം പുതുക്കാന്‍ പോകുന്ന വിവരം തങ്ങള്‍ ജല അതോറിറ്റിയെ വളരെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടനുവദിച്ച് ഒമ്പതുമാസം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും ഇത്തരം പ്രശ്‌നങ്ങള്‍കാരണം തങ്ങള്‍ പറഞ്ഞ തീയതിയും കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ റോഡുപണി തുടങ്ങിയതെന്നും പൊതുമരാമത്ത് വകുപ്പധികൃതര്‍ പറയുന്നു.

എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറില്‍നിന്ന് അനുമതി ലഭിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തുന്നതിനുമൊക്കെ സ്വാഭാവിക കാലതാമസം നേരിട്ടതല്ലാതെ തങ്ങളുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജല അതോറിറ്റി അധികൃതരും പറയുന്നു.



റോഡ് പൊളിക്കാതെ പൈപ്പിടാന്‍ വഴി
Posted on: 20 Sep 2010


ഒരുവശത്ത് റോഡ് മിനുക്കുമ്പോള്‍ മറുവശത്ത് റോഡ് പൊളിക്കേണ്ടി വരുന്നതൊഴിവാക്കാന്‍ ഉതകുന്ന വഴി വേണമെങ്കില്‍ കണ്ടെത്താനാകും. അരീക്കോട്- മഞ്ചേരി റോഡ് ഒഴിവാക്കി മറ്റൊരു പാതയിലൂടെ പൈപ്പ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് മാതൃഭൂമിയുടെ അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ജല അതോറിറ്റിയുടെ കിളിക്കല്ലിലുള്ള ജല ശുദ്ധീകരണശാലയെ തൊട്ടുരുമ്മി കിളിക്കല്ല്- ഇരുവേറ്റി റോഡ് കടന്നുപോകുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ടാറിങ് നടത്തിയ ഈ റോഡ് ഏതാണ്ടെല്ലാ ഭാഗവും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇരിവേറ്റിയില്‍ ഈ റോഡ് അവസാനിക്കുന്നിടത്തുനിന്നും ചെരണിയിലേക്ക് പൊതുമരാമത്ത് വക റോഡുമുണ്ട്. ചുരുക്കത്തില്‍ കിളിക്കല്ല് മുതല്‍ ചെരണിവരെ ഗതാഗതം കുറഞ്ഞ റോഡുണ്ടെന്നര്‍ഥം. അരീക്കോട്- മഞ്ചേരി റോഡിലൂടെ ചെരണിയിലേക്കുള്ളതിനേക്കാള്‍ ഇതുവഴി ഒരു കിലോമീറ്റര്‍ ദൂരം കൂടുതലുണ്ടെന്നതാണ് ഇവിടെയുള്ള ഒരു പ്രശ്‌നം. അതിനാല്‍അധികം പൈപ്പ് സ്ഥാപിക്കേണ്ടിവരുമെന്നര്‍ഥം. നിലവിലുള്ള എസ്റ്റിമേറ്റിനകത്തുനിന്നുതന്നെ ഇതിനുള്ള തുക കണ്ടെത്താന്‍ കഴിയും.

ബി.എം. ആന്‍ഡ് ബി.സി. രീതിയില്‍ ടാറിങ് നടത്തുമ്പോള്‍ ആദ്യം അഞ്ച് സെ.മീ. കനത്തില്‍ പരുക്കന്‍ ടാറിങ്ങും പിന്നീട് മൂന്ന് സെ.മീ. കനത്തില്‍ വെള്ളമിറങ്ങാത്ത പ്രത്യേക ടാര്‍ കോണ്‍ക്രീറ്റിങ്ങുമാണ് നടത്തുന്നത്. 1 കി.മീ. ദൂരത്തില്‍ ഈ പ്രവൃത്തി ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 40 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. കിളിക്കല്ല് മുതല്‍ ചെരണിവരെ പൈപ്പ് സ്ഥാപിക്കാന്‍ രണ്ടേമുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ റോഡിലെ ടാറിങ് പൊളിക്കേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 33 വലിയ ഓവുപാലങ്ങളും പൊളിക്കേണ്ടിവരും. ഇതെല്ലാംകൂടി കണക്കാക്കി ഒന്നേമുക്കാല്‍ കോടി രൂപ ജലഅതോറിറ്റി ദേശീയപാതാ അതോറിറ്റിക്ക് നല്‍കേണ്ടിവരും.

അതേസമയം കിളിക്കല്ല്- ഇരിവേറ്റി വഴി ചെരണി വരെ പൈപ്പ് സ്ഥാപിക്കാന്‍ റോഡരികിലൂടെ ചാല് കീറിയാല്‍ മതിയാകും. അത്യാവശ്യഘട്ടത്തില്‍ ടാറിങ് പൊളിക്കേണ്ടിവന്നാല്‍ത്തന്നെ അതിനുള്ള ചെലവ് 25 ലക്ഷത്തിലൊതുങ്ങും. ബാക്കിവരുന്ന 1 കോടി രൂപകൊണ്ട് അധികംവരുന്ന ഒരു കിലോമീറ്റര്‍ ദൂരം പൈപ്പ് സ്ഥാപിക്കാനാകുമെന്നതിനാല്‍ നിലവിലുള്ള എസ്റ്റിമേറ്റ് തുകയില്‍ വര്‍ധനവ് വരുത്താതെ പദ്ധതിയുടെ റൂട്ടില്‍ അല്പം മാറ്റംവരുത്തി പ്രശ്‌നം പരിഹരിക്കാനാകുമെന്നര്‍ഥം. ബി.എസ്.എന്‍.എല്ലിന്റെയും സ്വകാര്യ കമ്പനികളുടേയും ടെലിഫോണ്‍ കേബിളുകള്‍ മുറിഞ്ഞും വിവിധ ജലവിതരണ പൈപ്പുകള്‍ പൊട്ടിയും മറ്റുമുണ്ടാകുന്ന നാശനഷ്ടങ്ങളും ഇതുവഴി ഒഴിവാക്കാനാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ