2010, നവംബർ 3, ബുധനാഴ്‌ച

ദുരന്ത വാര്‍ഷികത്തിലും നടപ്പാലം പാതിവഴിയില്‍
Posted on: 03 Nov 2010



അരീക്കോട്: തോണി ദുരന്തം കഴിഞ്ഞ് ഒരാണ്ടായിട്ടും പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ കടത്തുതോണിയെ ആശ്രയിക്കുന്ന കടവുകളിലെല്ലാം നടപ്പാലമോ തൂക്കുപാലമോ നിര്‍മിക്കുമെന്നായിരുന്നു ഇതില്‍ ഒന്ന്. ഇതിനായി നൂറില്‍പ്പരം സ്ഥലങ്ങളും അധികൃതര്‍ കണ്ടെത്തി. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ആദ്യം 29 പാലങ്ങള്‍ നിര്‍മിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം.

അരീക്കോട് സ്‌കൂള്‍കടവിന് പുറമെ ഒരു ജില്ലയില്‍ രണ്ടുവീതം മൊത്തം 28 പാലങ്ങള്‍കൂടി നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അവസാനം അരീക്കോട്ടെ പാലത്തിനുള്ള ഫണ്ട് കണ്ടെത്താന്‍പോലും റവന്യൂവകുപ്പ് പ്രയാസപ്പെട്ടു. കേന്ദ്രത്തില്‍ നിന്ന് സഹായം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും കിട്ടിയില്ല.

ഈ ഘട്ടത്തിലാണ് കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് അനുവദിച്ച തുക ചെലവഴിക്കാതെ നില്‍ക്കുന്നത് റവന്യൂവകുപ്പ് കണ്ടെത്തിയത്. അരീക്കോട്ടെ നടപ്പാലത്തിന് ആ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കി ഒരു പാലത്തിനെങ്കിലും അധികൃതര്‍ പച്ചക്കൊടി കാട്ടിയതങ്ങനെയാണ്.

200 മീറ്ററിലധികം നീളവും ഒരു മീറ്ററിലധികം വീതിയും വരുന്ന നടപ്പാലത്തിന് 1.36 കോടി രൂപയുടെ എസ്റ്റിമേറ്റും അധികൃതര്‍ തയ്യാറാക്കി. തുടര്‍ന്ന് കഴിഞ്ഞ മെയ് 18 ന് റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ പാലത്തിന് തറക്കല്ലിടുകയും ചെയ്തു. അടുത്ത ആഗസ്ത് 15 ന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു അന്ന് മന്ത്രി നടത്തിയ പ്രഖ്യാപനം. ചാലിയാറിലെ കുത്തൊഴുക്കിനെക്കുറിച്ച് ധാരണയുള്ള നാട്ടുകാര്‍ ഇത് വിശ്വസിച്ചില്ലെങ്കിലും ദുരന്തവാര്‍ഷികത്തിനെങ്കിലും ഗതാഗതം സാധ്യമാകുമെന്നായിരുന്നു പ്രതീക്ഷ. പ്രതികൂല കാലാവസ്ഥയും വിദഗ്ധ തൊഴിലാളികളെ കിട്ടാനുള്ള പ്രയാസവുമാണ് പണി നീളാനിടയാക്കിയതെന്ന് കരാറുകാര്‍ പറയുന്നു. എന്തായാലും തുലാവര്‍ഷം കഴിഞ്ഞുള്ള അനുകൂല കാലാവസ്ഥയില്‍ പണി പൂര്‍ത്തിയാക്കാനാകുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ