2010, നവംബർ 3, ബുധനാഴ്‌ച

അരീക്കോട് തോണി ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്സ്
Posted on: 03 Nov 2010


അരീക്കോട്: മലപ്പുറത്തെ കണ്ണീരിലാഴ്ത്തിയ അരീക്കോട് തോണി ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്സ്. 2009 നവംബര്‍ നാലിനാണ് ചാലിയാറിന്റെ ആഴങ്ങളില്‍ എട്ട് കുരുന്നുജീവനുകള്‍ പൊലിഞ്ഞത്.

പരിധിയിലധികം ആളുകള്‍ തോണിയില്‍ കയറിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. തോണിക്കാരന്‍ ഉസ്മാന്റെ വിലക്ക് മറികടന്നാണ് അന്ന് മുപ്പതോളംപേര്‍ ഒരുമിച്ച് തോണിയില്‍ കയറിയത്. ഉസ്മാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇറങ്ങിയത് രണ്ടുപേര്‍ മാത്രമായിരുന്നു. ബാക്കി ആരും വഴങ്ങുന്നില്ലെന്ന് കണ്ട് കടത്തുകാരന്‍ കയറില്‍ വലിച്ച് തോണി മറുകരയ്ക്ക് നീക്കുകയായിരുന്നു. അല്പദൂരം നീങ്ങിയപ്പോള്‍ തോണി മുങ്ങി.

താനും നീന്താനറിയാവുന്ന വിദ്യാര്‍ഥികളും ചേര്‍ന്ന് മുങ്ങിപ്പൊങ്ങിയ വിദ്യാര്‍ഥികളെ കരക്കെത്തിച്ച കാര്യം ഉസ്മാന്‍ ഇന്നും ഓര്‍ക്കുന്നു. കരയില്‍ നില്‍ക്കുകയായിരുന്ന ഏതാനും വിദ്യാര്‍ഥികളും വെള്ളത്തിലേക്ക് എടുത്തുചാടി ചിലരെ രക്ഷിച്ചു. വിവരമറിഞ്ഞ് മണല്‍ത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

മരിച്ചവരില്‍ ഏഴ് ആണ്‍കുട്ടികളുണ്ടായിരുന്നു. ഇവരില്‍ പലര്‍ക്കും നീന്താന്‍ വശമുണ്ടായിരുന്നെങ്കിലും തോണിക്കടിയില്‍ പെട്ടതാണ് ദുരന്തകാരണമായത്.

സര്‍ക്കാരില്‍ നിന്നും അധ്യാപക സംഘടനകളില്‍ നിന്നും ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമൊഴുകി. ഏതാനും ദിവസങ്ങള്‍ ഈ ദുരന്തത്തെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറഞ്ഞുനിന്നു. കാലക്രമേണ എല്ലാവരും എല്ലാംമറന്നു. എന്നാല്‍ യൂണിഫോമിട്ട ഓരോകുട്ടിയെ കാണുമ്പോഴും ആ സംഭവം കണ്‍മുമ്പില്‍ തെളിഞ്ഞു വരികയാണ് - കടത്തുകാരന്‍ ഉസ്മാന്‍ പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ