2010, നവംബർ 4, വ്യാഴാഴ്‌ച

ജിഥിന്‍ വീണ്ടുമെത്തി; ചാലിയാറിനെ ഒന്നുകൂടി കാണാന്‍
Posted on: 04 Nov 2010


അരീക്കോട്: ജിഥിന്‍ ബുധനാഴ്ച വീണ്ടും ചാലിയാറിന്റെ കരയിലെത്തി. ഒരുവര്‍ഷംമുമ്പ് ഇതുപോലൊരു നവംബറിലെ ആദ്യ ബുധനാഴ്ചയായിരുന്നു ജിഥിന്റെ എട്ട് കളിക്കൂട്ടുകാരുടെ ജീവന്‍ ചാലിയാറെടുത്തത്. ഒരുമുടിനാരിന്റെ വ്യത്യാസത്തില്‍ ജിഥിന്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടതും അതേദിവസംതന്നെ.

പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് ജിഥിന്റെ താമസം. അത്യാവശ്യത്തിന് അരീക്കോട് പോകേണ്ടിവരുന്ന ഒന്നോ രണ്ടോ ദിവസങ്ങളിലേ ജിഥിന്‍ മൂര്‍ക്കനാട് കടവില്‍നിന്ന് തോണി കയറിയിട്ടുള്ളൂ. കഴിഞ്ഞ നവംബര്‍ നാലിനും ചെറിയ സാധനങ്ങള്‍ വാങ്ങാനായാണ് കൂട്ടുകാരോടൊത്ത് അരീക്കോട്ടേക്ക് തിരിച്ചത്. ആദ്യം കടവിലെത്തിയതുകാരണം തോണിയില്‍ കയറി മുന്നോട്ട് നീങ്ങിനിന്നിരുന്ന ജിഥിന് പിന്നെ പിന്നോട്ട് നീങ്ങുക പ്രയാസമായിരുന്നു. അതുകൊണ്ടാണ് ഏതാനുംപേര്‍ ഇറങ്ങണമെന്ന് കടത്തുകാരന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ജിഥിന്‍ തോണിയില്‍നിന്നിറങ്ങാതിരുന്നത്.

നീന്തല്‍ അറിയാത്ത ജിഥിന് ഉസ്മാന്റെ കല്പന അനുസരിക്കണമെന്നുണ്ടായിരുന്നു. മനസില്‍ ഭയം തോന്നുകയുമുണ്ടായി. പക്ഷേ, തോണിയുടെ മുന്നറ്റത്തുനിന്ന് പിന്നോട്ട് നീങ്ങുക പ്രയാസമായതിനാല്‍ അവിടെത്തന്നെ നിന്നു.

ഏതാനും മീറ്റര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ വഞ്ചി ആടി ഉലഞ്ഞതോടെ വെള്ളത്തിലേക്ക് മറിഞ്ഞുവീണതേ ജിഥിന് ഓര്‍മയുള്ളൂ. രണ്ടോ മൂന്നോ പ്രാവശ്യം മുങ്ങിത്താണപ്പോഴേക്കും ആരോ പിടിച്ച് വലിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. സഹപാഠിയായ റിയാസും മറ്റും ചേര്‍ന്ന് മൈത്ര റോഡിലേക്കെത്തിച്ചപ്പോഴേക്കും കൂത്തുപറമ്പ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. അബ്ദുറഹിമാന്‍ ബൈക്കില്‍ വരുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജിഥിനെ അരീക്കോട് ഗവ. ആസ്​പത്രിയിലെത്തിക്കുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം ജിഥിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. മൂന്നുദിവസം അവിടെ ഐ.സിയുവില്‍ കിടക്കേണ്ടിവന്നു.

ആരൊക്കെയോ പാടുപെട്ടിട്ടാണെങ്കിലും തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം ജിഥിന്‍ മറച്ചുവെക്കുന്നില്ല. അതേസമയം തന്റെ എട്ട് സഹപാഠികളെ നഷ്ടപ്പെട്ട ദുഃഖം ജിഥിന്റെ മുഖത്ത് ഇപ്പോഴുമുണ്ട്. എല്ലാം ഉള്ളിലൊതുക്കി പരീക്ഷയ്ക്കിടയിലും ജിഥിന്‍ ഇന്നലെ വീണ്ടും ചാലിയാറിന്റെ തീരത്തെത്തി. ജീവനെടുക്കാതെ തന്നെ കരയിലേക്ക് തിരിച്ചെത്താന്‍ അനുവദിച്ച ചാലിയാറിനെ ഒന്നുകൂടി കാണാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ