2010, നവംബർ 4, വ്യാഴാഴ്‌ച

ദുരന്ത സ്മരണയുണര്‍ത്തുന്ന കടത്തു തോണി തെരുവോരത്ത് നശിക്കുന്നു
Posted on: 04 Nov 2010


അരീക്കോട്: മൂര്‍ക്കനാട് തോണി ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്സ് തികയുമ്പോള്‍ അരീക്കോട്ടുകാരന്റെ മനസ്സിലെ ദുരന്ത സ്മരണകളെ മറക്കാന്‍ വിടാത്ത കടത്തുതോണി മഴയും വെയിലുമേറ്റ് തെരുവോരത്ത് നശിക്കുന്നു.

ദുരന്തത്തിന്റെ കാരണക്കാരനെന്ന നിലയില്‍ കടത്തുകാരന്‍ ഊര്‍ങ്ങാട്ടിരി മൈത്രയിലെ ഓട്ടുങ്ങാടന്‍ ഉസ്മാനെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഈ കേസിലെ തൊണ്ടിമുതലെന്ന നിലയിലാണ് പോലീസ് തോണി കസ്റ്റഡിയിലെടുത്തത്. മൂര്‍ക്കനാട് കടവില്‍നിന്നും ലോറിയില്‍ കയറ്റി അരീക്കോട് പോലീസ് സ്റ്റേഷനുമുന്നില്‍ ഇറക്കിയ തോണി അന്നുമുതല്‍ മഴയും വെയിലുമേറ്റ് ഒരേ കിടപ്പാണ്.

മൈത്രിയിലെ കണ്ണഞ്ചീരി റഷീദാണ് തോണി ഉടമ. ഇദ്ദേഹത്തില്‍നിന്നും ഉസ്മാന്‍ കടത്തിനുവേണ്ടി തോണി പാട്ടത്തിനെടുത്തതായിരുന്നു. ദുരന്തം നടക്കുമ്പോഴാകട്ടെ, റഷീദ് ഹജ്ജിന് സൗദി അറേബ്യയിലായിരുന്നുതാനും, തിരിച്ചെത്തിയ റഷീദ് കണ്ടത് റോഡരികില്‍ മഴയും വെയിലുമേറ്റ് നശിക്കുന്ന തോണിയാണ്. തോണി പാട്ടത്തിനെടുത്ത ഉസ്മാനോ അത് കസ്റ്റഡിയിലെടുത്ത അധികൃതരോ ഒരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് തോണിയൊന്ന് മൂടാന്‍ പോലും സന്‍മനസ്സ് കാണിച്ചില്ലെന്നതാണ് റഷീദിന്റെ മുഖ്യ പരാതി.

പരമ്പരഗാത രീതിയില്‍ നിറയെ ഇരുമ്പുകൊണ്ടുള്ള വലിയ പ്രത്യേക തരം ആണി കയറ്റിനിര്‍മിക്കുന്ന തോണിയാണിതെന്നും റഷീദ് പറഞ്ഞു. ഇന്നത്തെ നിലയില്‍ ഇത്തരമൊരു തോണിക്ക് ഒന്നരലക്ഷത്തോളം രൂപ വില വരുമത്രെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ