2010, നവംബർ 4, വ്യാഴാഴ്‌ച

അവര്‍ എട്ടുപേര്‍ ഇന്ന് തിരിച്ചു വരും കൂട്ടുകാരുടെ ഓര്‍മകളിലേക്ക്‌
Posted on: 04 Nov 2010


അരീക്കോട് തോണിദുരന്തത്തിന് ഇന്ന് ഒരു വയസ്സ്


അരീക്കോട്: മൂര്‍ക്കനാട് തോണി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ആ എട്ടുപേരും ഇന്ന് തിരിച്ചുവരും- കൂട്ടുകാരുടെ ഓര്‍മകളിലേക്ക്. കുഴിമണ്ണ നുള്ളിയില്‍ മുഹമ്മദ് ഷരീഫിന്റെ മകന്‍ മുഹമ്മദ് മുഷ്ഫിഖ്, എടവണ്ണ പാലപ്പറ്റ എളയേടത്ത് അബ്ദുല്‍ കലീമിന്റെ മകന്‍ തൗഫീഖ്, കാവനൂര്‍ തോട്ടിലങ്ങാടി നടുക്കണ്ടത്തില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ കെ.സി. ഷമീം, ചെമ്രക്കാട്ടൂര്‍ അമ്പലപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ ശിഹാബുദ്ദീന്‍ കെ, കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പില്‍ അലി മുസ്‌ലിയാരുടെ മകള്‍ ത്വയ്യിബ എം.പി., അയല്‍വാസിയും ബന്ധുവുമായ മങ്ങാട്ടുപറമ്പില്‍ ഷൗക്കത്തലിയുടെ മകന്‍ എം.പി. ഷാഹിദലി, ഉഗ്രപുരം തൃക്കുളത്ത് അബൂബക്കറിന്റെ മകന്‍ പി. സുഹൈല്‍, കുനിയില്‍ എം.പി. നാസറിന്റെ മകന്‍ എന്‍.വി.സിറാജ്ജുദ്ദീന്‍ എന്നിവരായിരുന്നു ചാലിയാറിന്റെ ആഴങ്ങളില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ ആ എട്ട് പേര്‍.

ഇവര്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഒത്തുചേരും. തങ്ങളോട് പറയാതെ പറന്നകന്ന ആ പഴയ കൂട്ടുകാരെ ഒന്നോര്‍മിക്കാന്‍. വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.വി. നജീബാ ഇബ്രാഹിമും ചടങ്ങിനെത്തിച്ചേരുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. എന്തായാലും പരീക്ഷക്കിടയിലെ ചടങ്ങ് ലളിതമായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ലക്ഷങ്ങള്‍മുടക്കി 800 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ലൈബ്രറി കെട്ടിടം മരണപ്പെട്ട വിദ്യാര്‍ഥികളുടെ സ്മരണാര്‍ഥമായിരിക്കുമെന്നും അവര്‍ പറഞ്ഞു. അധ്യാപക സംഘടനകളും മരിച്ച വിദ്യാര്‍ഥികളെ അനുസ്മരിക്കുന്നുണ്ട്. കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി വ്യാഴാഴ്ച കെ.എസ്.ടി.എ. ഭവനില്‍ വൈകുന്നേരം അഞ്ചിന് അനുസ്മരണം നടത്തും.

mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ