2011, ഫെബ്രുവരി 16, ബുധനാഴ്‌ച

പിടികൂടുന്ന വാഹനങ്ങള്‍ക്ക് മോക്ഷമാകുന്നു; പിഴയീടാക്കാനോ ലേലംചെയ്യാനോ നിര്‍ദേശം




പിടികൂടുന്ന വാഹനങ്ങള്‍ക്ക് മോക്ഷമാകുന്നു; പിഴയീടാക്കാനോ ലേലംചെയ്യാനോ നിര്‍ദേശം



അരീക്കോട്: റോഡരികിലും പോലീസ്‌സ്റ്റേഷനുകളിലും മറ്റുമായി കുമിഞ്ഞുകൂടി നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം. ഇത്തരം വാഹനങ്ങള്‍ ലേലംചെയേ്താ ആവശ്യമായ സെക്യൂരിറ്റി വാങ്ങി ഉടമകള്‍ക്ക് തിരിച്ചുകൊടുത്തോ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമംതുടങ്ങി. ജില്ലയില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം നീക്കുമെന്ന് കഴിഞ്ഞദിവസം അരീക്കോട്ടെത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ അറിയിച്ചിരുന്നു.

പിടികൂടുന്ന വാഹനങ്ങള്‍ യഥാസമയം പിഴചുമത്തി വിട്ടുകൊടുക്കാനോ ലേലംചെയ്യാനോ തയ്യാറാകാതെ കോടികളുടെ നഷ്ടംവരുത്തുന്നതിനെപ്പറ്റി 'മാതൃഭൂമി' റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.

കേസില്‍ 2010 ഏപ്രില്‍ 19ന് വന്ന സുപ്രീംകോടതി വിധിയും ഇതേകാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നൂറുകണക്കിന് കോടികളുടെ ദേശീയനഷ്ടമെന്നാണ് ഈ നാശനഷ്ടത്തെ കോടതി വിലയിരുത്തിയത്. കൊള്ള, കളവ് മുതലായ ഘട്ടങ്ങളില്‍ തൊണ്ടിമുതലിന്റെ ഫോട്ടോകളെടുത്തും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയും മതിയായ സെക്യൂരിറ്റിയുടെ പിന്‍ബലത്തിലും കസ്റ്റഡിയിലെടുത്ത സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാമെന്ന് കോടതിവിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വാഹനത്തിന് ആരും അവകാശവാദമുന്നയിക്കാത്തപക്ഷം ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായോ മറ്റോ ബന്ധപ്പെട്ട് ഉടമയെ കണ്ടെത്താവുന്നതാണെന്നും അതിനും സാധിക്കുന്നില്ലെങ്കില്‍ ആറുമാസത്തിനകം വാഹനം വില്പന നടത്തി പണം സര്‍ക്കാര്‍ സൂക്ഷിക്കണമെന്നുമാണ് കോടതി നിര്‍ദേശം.

സുപ്രീംകോടതി വിധിയുടെയും കേരള ഹൈക്കോടതിയിലെ 2009ലെ വിധിയുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ ജനവരി ഏഴിനും ഫിബ്രവരി എട്ടിനും ഡി.ജി.പി ജേക്കബ് പുന്നൂസ് എകൈ്‌സസ് വകുപ്പുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് ഉത്തരവുകള്‍ ഇറക്കിക്കഴിഞ്ഞു. അബ്കാരി നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളാണ് ഈ ഉത്തരവുകളിലെ വിഷയം. ഉടന്‍ തീരുമാനങ്ങളെടുത്ത് വാഹനങ്ങള്‍ വിട്ടുകൊടുക്കുകയോ ലേലംചെയ്യുകയോ ചെയ്യണമെന്ന് കാണിച്ച് പോലീസ് ആസ്ഥാനത്തുനിന്ന് റവന്യുവകുപ്പിനുള്ള നിര്‍ദേശങ്ങളും കഴിഞ്ഞദിവസം കളക്ടറേറ്റുകളിലെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ