2010 ജൂൺ 24, വ്യാഴാഴ്‌ച

Ijas Ali -Areekode

ലോകകപ്പ് മത്സരംകണ്ട ആവേശത്തില്‍ ഇജാസ് അലി മടങ്ങിയെത്തി
Posted on: 23 Jun 2010




അരീക്കോട്: കൈയില്‍ ജബുലാനിയും കാതില്‍ വുവുസേലകളുയര്‍ത്തിയ ആരവങ്ങളും മനസുനിറയെ ദക്ഷിണാഫ്രിക്കയിലെ ഫുട്‌ബോള്‍ അനുഭവങ്ങളുമായി അരീക്കോട്ടെ കുന്നന്‍ ഇജാസ് അലി എന്ന പത്താംക്ലാസുകാരന്‍ ചൊവ്വാഴ്ച വൈകീട്ട് നാട്ടില്‍ മടങ്ങിയെത്തി. വീട്ടില്‍ കാത്തുനിന്ന കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ഇടയിലേക്ക് ഭാവദേഭങ്ങളൊന്നുമില്ലാതെ നടന്നുവന്ന ഇജാസ് അലിയുടെ ചുണ്ടുകളില്‍ ആഫ്രിക്കയിലെ കൊടുംതണുപ്പ് സമ്മാനിച്ച ചെറിയ മുറിവുകള്‍ പ്രകടമായിരുന്നു.

പ്രിട്ടോറിയയിലെ ലോകകപ്പ് വേദിക്കരികെ നടന്ന മീര്‍ ഇഖ്ബാല്‍ ഹുസൈന്‍ കൊക്കകോള ട്രോഫിക്കുവേണ്ടിയുള്ള അണ്ടര്‍ 16 ടീമില്‍ ഇന്ത്യക്കുവേണ്ടി ജഴ്‌സി അണിയാനായിരുന്നു അരീക്കോട്ടെ കുന്നന്‍ ഇജാസ് അലി ദക്ഷിണാഫ്രിക്കയിലെത്തിയത്. ടൂര്‍ണമെന്റില്‍ മെക്‌സിക്കോയെ 2-2ലും ഗ്വാട്ടിമാലയെ 1-1ലും സമനിലയില്‍ തളച്ച ഇന്ത്യന്‍ ടീം ഈജിപ്തിനെ 13-1ന് പരാജയപ്പെടുത്തുകയുംചെയ്തു. തുടര്‍ന്ന് നടന്ന സെമിഫൈനലില്‍ റഷ്യയുമായി 2-2 സമനില തുടര്‍ന്നതുകാരണം നീട്ടിക്കിട്ടിയ 10 മിനിട്ട് എക്‌സ്ട്രാ ടൈമിലാണ് ഇന്ത്യന്‍ടീമിന് നാട്ടിലേക്ക് മടക്കടിക്കറ്റ് നല്‍കിയ റഷ്യയുടെ മറുപടിഗോള്‍. വിദേശരാജ്യങ്ങളിലെ സമപ്രായക്കാരുമായി ഏറ്റുമുട്ടുക വഴി ലഭിച്ച അനുഭവമാണ് ഈ ദക്ഷിണാഫ്രിക്കന്‍ യാത്ര നല്‍കിയ ഏറ്റവും വലിയ നേട്ടമെന്ന് ഇജാസ് അലി പറഞ്ഞു. അതോടൊപ്പം സൗത്ത് ആഫ്രിക്കയും ഉറുഗ്വേയും തമ്മില്‍ നടന്ന ലോകകപ്പിനുവേണ്ടിയുള്ള മത്സരം കാണാനായതിന്റെ സന്തോഷവും ഇജാസ് അലി മറച്ചുവെക്കുന്നില്ല. ദക്ഷിണാഫ്രിക്കന്‍ വലയില്‍ ഗോള്‍ വീഴുമ്പോള്‍ അലറിക്കൊണ്ടിരുന്ന വുവുസേലകള്‍ സ്വിച്ചിട്ടാലെന്നപോലെ നിശ്ചലമായതും തൊട്ടടുത്തിരുന്ന ഓരോ ആഫ്രിക്കക്കാരന്റെയും മുഖം ദുഃഖസാന്ദ്രമായതും തന്റെ മനസില്‍നിന്ന് മായുന്നില്ലെന്ന് ഇജാസ് പറഞ്ഞു. ബ്രസീലിന്റെ മുന്‍താരം ബെബറ്റോ തങ്ങളെ കാണാനെത്തിയതും ഓട്ടോഗ്രാഫ് നല്‍കിയതും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളായി. തങ്ങളുടെ ടീം അംഗങ്ങള്‍ക്കെല്ലാം ഫിഫയുടെ മുദ്രയുള്ള ജബുലാനി പന്ത് സമ്മാനമായി ലഭിച്ചതിലും ഇജാസ്ഏറെ സന്തുഷ്ടനാണ്. ഇജാസിന് ലഭിച്ച ജബുലാനിയുടെ കവര്‍ കീറി പുറത്തെടുത്ത് കാറ്റുനിറച്ച് കാട്ടുതായ് മൈതാനത്തേക്കോടാന്‍ കാത്തുനിന്ന നാലാംക്ലാസുകാരനായ സഹോദരന്‍ ഇംതിയാസിനെ പിന്തിരിപ്പിക്കാന്‍ പിതാവ് കുന്നന്‍ അഷ്‌കറലിയും മാതാവ് മോളയില്‍ റംലയും പാടുപെടേണ്ടിവന്നു. അഷ്‌കറലിയുടെ പിതാവ് കുഞ്ഞിമുഹമ്മദും ഉമ്മ സൈനബയും അവരുടെ പിതാവ് അഹമ്മദ്കുട്ടിയുമൊക്കെ ചേര്‍ന്ന് കാറ്റുനിറച്ച ജബുലാനി തന്റെ ദക്ഷിണാഫ്രിക്കന്‍ യാത്രയുടെ സ്മാരകമെന്നവണ്ണം ഷോക്കേസില്‍ വെക്കാനാണ് ഇജാസിന് നല്‍കിയ ഉപദേശം. അതോടൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന് ലഭിച്ച സര്‍ട്ടിഫിക്കറ്റ്, ലോകകപ്പ് കാണാന്‍ ലഭിച്ച ടിക്കറ്റ്, ബെബറ്റോ ഒപ്പിട്ട് നല്‍കിയ ഓട്ടോഗ്രാഫ് എന്നിവയും അതോടൊപ്പം ചേര്‍ത്തുവെക്കാനാണ് ഇജാസിന്റെ പദ്ധതി.


mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ