സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌പദ്ധതി: ഫോട്ടോ എടുക്കല്‍ ദുരിതമായി
Posted on: 20 Jun 2010
അരീക്കോട്: കിഴുപറമ്പ് പഞ്ചായത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വത്തിനുവേണ്ടി ശനിയാഴ്ച നടത്തിയ ഫോട്ടോ എടുക്കലും വിരലടയാളം പതിക്കലും ദുരിതമായി. കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടി. ഒരു കുടുംബത്തില്‍നിന്ന് പരമാവധി അഞ്ച് അംഗങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ കുടുംബത്തില്‍നിന്നും അഞ്ചുവരെ അംഗങ്ങളാണ് കിഴുപറമ്പ്, കുനിയില്‍, കുറ്റൂളി കേന്ദ്രങ്ങളിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ എത്തി വരിനിന്നത്. കൈക്കുഞ്ഞുമായെത്തിയ സ്ത്രീകളും വൃദ്ധരും തൊഴില്‍ ഉപേക്ഷിച്ച് എത്തിയവരും മറ്റും വരിയില്‍നിന്ന് തളര്‍ന്നു. ഇതോടെ ജനങ്ങള്‍ തങ്ങളുടെ വാര്‍ഡംഗങ്ങളോടും മറ്റും തട്ടിക്കയറി. പഞ്ചായത്തധികൃതര്‍ പ്രശ്‌നം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍ രവീന്ദ്രന്‍ നേരിട്ട് ഇടപെട്ടാണ് ഫോട്ടോ എടുക്കുന്നതിനുള്ള ആള്‍ക്കാരെ കിഴുപറമ്പിലേക്ക് അയച്ചത്.
അതേസമയം കുനിയിലും കുറ്റൂളിയിലും ഉച്ചയ്ക്കുശേഷം ഫോട്ടോ എടുക്കാന്‍ തുടങ്ങിയെങ്കിലും ജനങ്ങള്‍ക്ക് അപ്പോഴേക്കും ക്ഷമനശിച്ചിരുന്നു. തുടര്‍ന്ന് കുറ്റൂളിയില്‍ അരീക്കോട് പോലീസിന്റെ സഹായത്തോടെ നൂറോളം കുടുംബങ്ങളുടെ ഫോട്ടോ എടുത്തു. 150 പേരെ നാളേക്ക് ടോക്കണ്‍ നല്‍കി വിടുകയും ചെയ്തു. കുനിയില്‍ കേന്ദ്രത്തില്‍ 95 കുടുംബങ്ങളുടെ ഫോട്ടോ എടുത്തു. 170 കുടുംബങ്ങള്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ടോക്കണ്‍ നല്‍കിയവര്‍ക്ക് ഞായറാഴ്ച ഫോട്ടോ എടുക്കുന്നതില്‍ മുന്‍ഗണന നല്‍കും. ശനിയാഴ്ച മുടങ്ങിയ സ്ഥിതിക്ക് കിഴുപറമ്പ് കേന്ദ്രത്തില്‍ തിങ്കളാഴ്ചയും ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒന്ന്, 12, 13 വാര്‍ഡുകളിലുള്ളവര്‍ക്കാണ് ഇവിടെ ഫോട്ടോ എടുക്കുന്നത്. കുനിയില്‍ കേന്ദ്രത്തില്‍ എട്ട്, ഒമ്പത്, 10, 11, രണ്ട് വാര്‍ഡുകളിലുള്ളവരും കുറ്റൂളിയില്‍ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലുള്ളവരുമാണ് ഫോട്ടോ എടുക്കാനെത്തിയത്.
ജില്ലാ ലേബര്‍ ഓഫീസില്‍നിന്ന് കിഴുപറമ്പിലെ ഫോട്ടോ എടുക്കല്‍ സംബന്ധിച്ച് തങ്ങള്‍ക്ക് വെള്ളിയാഴ്ചയാണ് വിവരം ലഭിച്ചതെന്നും ആവശ്യമായ സാമഗ്രികള്‍ സംഘടിപ്പിച്ച് കേന്ദ്രത്തില്‍ എത്തുന്നതിലുണ്ടായ പ്രയാസമാണ് താമസത്തിനിടയാക്കിയതെന്നും ഫോട്ടോ എടുക്കാനെത്തിയവര്‍ അറിയിച്ചു.
അതിനിടെ ഇന്‍ഷുറന്‍സിന് അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ചും വ്യാപകമായ പരാതിയുണ്ട്. 10 വര്‍ഷം മുമ്പ് 2000ത്തില്‍ അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച് തയ്യാറാക്കിയ ബി.പി.എല്‍ പട്ടികയാണത്രെ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതനിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം. ഇതില്‍ നിര്‍ധനരായ പലരും വിട്ടുപോയപ്പോള്‍ അനര്‍ഹരായ പലരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. പേര് ഉള്‍പ്പെട്ട പലരുടെയും മേല്‍വിലാസം വ്യക്തമല്ല. ഇതുകാരണം ഒരേ പേരിലുള്ള ഒന്നിലധികം ആളുകള്‍ ഒരുവാര്‍ഡില്‍നിന്ന് ഫോട്ടോ എടുക്കാനെത്തുന്നുണ്ട്.
ഇത്തരം സങ്കീര്‍ണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സമയം അനുവദിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും മറ്റൊരു പരാതി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചതാണ്. പിന്നീട് രണ്ടുമാസം നിലവിലുള്ള അംഗങ്ങള്‍ക്ക് കാലാവധി നീട്ടിക്കൊടുക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ 30നകം അംഗത്വം ആഗ്രഹിക്കുന്ന അര്‍ഹരായ കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളുടെയും ഫോട്ടോ എടുക്കലും വിരലടയാളം രേഖപ്പെടുത്തലും ഇനിയുള്ള രണ്ടാഴ്ചയ്ക്കകം തീര്‍ക്കാനുള്ള ധൃതിയാണ് പ്രശ്‌നകാരണമെന്നാണ് അവര്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ