2010 ജൂൺ 16, ബുധനാഴ്‌ച

Kadungallur Vachakkal Chira

കര്‍ഷകര്‍ തന്നെ മുന്നിട്ടിറങ്ങി വാച്ചാക്കല്‍ ചിറ ഭാഗികമായി തുറന്നു
Posted on: 16 Jun 2010






അരീക്കോട്: കാടും പൊന്തയും തങ്ങി അടഞ്ഞ വാച്ചാക്കല്‍ ചിറയിലെ തടസ്സങ്ങള്‍ കര്‍ഷകര്‍ തന്നെ ഭാഗികമായി നീക്കി. ഫാര്‍മേഴസ് ക്ലബ് പ്രസിഡന്റ് കല്ലട കുട്ടിഹസ്സന്‍ ഹാജി, വാര്‍ഡംഗം എം. അലവി ബാപ്പു എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം കര്‍ഷകര്‍ തോട്ടിലിറങ്ങിയാണ് തടസ്സങ്ങള്‍ നീക്കിയത്. കപ്പിയും കയറും കമ്പിയും മറ്റും ഉപയോഗിച്ച് തടസ്സം നീക്കാന്‍ വിദഗ്ധരായ തൊഴിലാളികളെ കൂലിക്ക് വിളിച്ചതായും കര്‍ഷകര്‍ പറഞ്ഞു.

അതിനിടെ അരീക്കോട് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജനാര്‍ദ്ദനന്‍, സെക്രട്ടറി സുബൈര്‍, അസി. എഞ്ചിനീയര്‍ ഉമ്മര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചിറയിലെ തടസ്സം നീക്കാന്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10000 രൂപ അനുവദിക്കുമെന്നും ആവശ്യമെങ്കില്‍ തുടര്‍ന്നും പണം അനുവദിക്കുമെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

തടസ്സം രൂപപ്പെട്ട് വെള്ളം കെട്ടിനിന്നത് മൂലം ചിറയുടെ കെട്ടുറപ്പിന് തടസ്സം നേരിട്ടിരിക്കാനിടയുണ്ടെന്നാണ് സംഘത്തിലുണ്ടായിരുന്ന അസി. എന്‍ജിനിയര്‍ ഉമ്മര്‍ അഭിപ്രായപ്പെട്ടത്. വയല്‍ നികത്തിയത് മൂലം വെള്ളം കെട്ടിനിന്നിരുന്ന സ്ഥലങ്ങളും വെള്ളക്കെട്ടുകളും ഇല്ലാതായിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നിന്നുള്ള വെള്ളമെല്ലാം ഒഴുകിയെത്തുന്നത് മൂലം കടുങ്ങല്ലൂര്‍ തോട്ടിലെ നീരൊഴുക്കിന് ശക്തികൂടിയതും കാലപ്പഴക്കവുമൊക്കെ ചിറയുടെ ബലക്ഷയത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചിറക്ക് ബലക്ഷയം നേരിട്ടിട്ടുണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം അരീക്കോട് ഗ്രാമപ്പഞ്ചായത്ത് അതിന്റെ അധികാര പരിധിയില്‍ നിന്ന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജനാര്‍ദ്ദനന്‍ പറഞ്ഞു.

അതിനിടെ വെള്ളത്തില്‍ മുങ്ങിയ കൃഷി കുഴിമണ്ണ, ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്ത് പരിധികളില്‍ വരുമെങ്കിലും ഈ മൂന്ന് പഞ്ചായത്ത് അധികൃതര്‍ ആരും തിരിഞ്ഞുനോക്കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചു. 

കാടും പടലങ്ങളും വന്നടിഞ്ഞ് നിറഞ്ഞ വാച്ചാക്കല്‍ ചിറ കര്‍ഷകരും മറ്റും ചേര്‍ന്ന് നന്നാക്കുന്നു.



mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ