2010 ജൂൺ 9, ബുധനാഴ്‌ച

Nimminiyil Usman With World Cup


ലോകകപ്പില്‍ ഒരിക്കല്‍ അരീക്കോട്ടുകാരനും തൊട്ടു
Posted on: 09 Jun 2010
കെ. അബ്ദുറഹ്മാന്‍








അരീക്കോട്: കാല്‍പ്പന്തുകളി പെരുമയുടെ കൊടുമുടി കയറിനില്‍ക്കുന്ന അരീക്കോട്ടുകാരന്‍ ഒരിക്കല്‍ ലോകകപ്പ് തൊട്ടു. ആ അപൂര്‍വ നിമിഷത്തിന്റെ ഓര്‍മപുതുക്കുകയാണ് 1998ന് ശേഷം വന്ന ഓരോ ലോകകപ്പ് വേളയിലും ഈ നാട്ടുകാര്‍. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുവേണ്ടി നാഗ്ജിയിലും മറ്റും കളിച്ച് അരീക്കോടിന്റെ സോക്കര്‍ പ്രേമം പൈതൃകമെടുത്ത താഴെ കൊഴക്കോട്ടൂരിലെ നിമ്മിണിപ്പുറത്ത് ഉസ്മാനിലൂടെയായിരുന്നു അരീക്കോടിന് അത്തരമൊരു ഭാഗ്യം കൈവന്നത്.

അരീക്കോട് ടൗണ്‍ ടീമിനുവേണ്ടിയും തുടര്‍ന്ന് താന്‍ തന്നെ രൂപംനല്‍കിയ ബ്രദേഴ്‌സ് അരീക്കോടിന് വേണ്ടിയും ജഴ്‌സിയണിഞ്ഞ് ഫുട്‌ബോളിന്റെ ആവേശ തലങ്ങളില്‍ ജീവിക്കുന്നതിനിടയിലാണ് പുതുജീവിതം തേടി ഉസ്മാന്‍ ഗള്‍ഫിലേക്ക് തിരിച്ചത്. പണം എത്ര കിട്ടിയാലും ഗള്‍ഫില്‍ പന്ത് കളിക്കാനൊക്കില്ലെന്ന തോന്നലിന്റെ ദുഃഖം ഉള്ളില്‍ നിറഞ്ഞിരുന്നു... പത്രങ്ങളിലൂടെ നാട്ടിലെ ഫുട്‌ബോള്‍ വാര്‍ത്തകള്‍ വായിച്ചറിയുന്നതിനിടയിലായിരുന്നു 1998ലെ ലോകകപ്പിന്റെ മുന്നോടിയായി കപ്പ് വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശന പര്യടനത്തിനെത്തുന്നുണ്ടെന്ന വിവരം ഉസ്മാന്‍ അറിഞ്ഞത്. അതോടെ എന്തുവിലകൊടുത്തും പ്രദര്‍ശനം കാണുന്നതിനെക്കുറിച്ചും പറ്റുമെങ്കില്‍ അതൊന്ന് കൈയിലെടുക്കുന്നതിനെക്കുറിച്ചുമായിരുന്നു ഉസ്മാന്റെ ചിന്ത. പലവഴികളും ചിന്തിച്ചു. ഒടുവില്‍ ചെന്നെത്തിയത് താന്‍ ജോലിചെയ്യുന്ന 'സഅദാന്‍' കമ്പനിയുടെ ഉടമകളുടെ മുന്നിലേക്കായിരുന്നു. റിയാദിലെ പ്രദര്‍ശനം സ്‌പോണ്‍സര്‍ ചെയ്യാനും മറ്റും പ്രേരിപ്പിച്ചു. എന്നാല്‍ അതുകൊണ്ട് കമ്പനിക്കെന്ത് ലാഭമെന്നായിരുന്നു ഉടകളുടെ മറുചോദ്യം. അത് കമ്പനിക്ക് വന്‍ പരസ്യമുണ്ടാക്കുമെന്ന വാദമൊന്നും അവരെ ആദ്യം തൃപ്തരാക്കിയില്ല. ഒടുവില്‍ കമ്പനിക്കുകീഴിലെ സ്ഥാപനങ്ങളില്‍നിന്ന് നിശ്ചിത തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രദര്‍ശനം കാണുന്നതിനുള്ള ടിക്കറ്റ് സൗജന്യമായി നല്‍കിയാല്‍ കച്ചവടം വര്‍ധിക്കുമെന്ന് ഉസ്മാന്‍ കമ്പനി ഉടമകളെ ബോധ്യപ്പെടുത്തി. ആ തന്ത്രം ഫലിച്ചു. കപ്പ് പ്രദര്‍ശനം സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനി ഉടമകള്‍ മുന്നോട്ടുവന്നു. ഇതാണ് അരീക്കോടിന്റെ പ്രതിനിധിയെന്നവണ്ണം ലോകകപ്പ് കൈകളിലേന്താന്‍ ഉസ്മാന് അവസരമൊരുക്കിയത്.

ഉസ്മാന്‍ ലോകകപ്പ് കൈകളിലേന്തിയ കാര്യം നാട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നും ആരും വിശ്വസിച്ചിരുന്നില്ലത്രേ. ഭാഗ്യവശാല്‍ അന്നെടുത്ത ഒരു ഫോട്ടോ ഉണ്ടായിരുന്നതാണ് ഉസ്മാന്റെ കൈയിലെ ഏക തെളിവ്. കൂടെ സാക്ഷികളായി അക്കാലത്ത് തന്നോടൊപ്പം റിയാദിലുണ്ടായിരുന്ന ഏതാനും കൂട്ടുകാരും.

mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ