2010 ജൂൺ 8, ചൊവ്വാഴ്ച

സി.എഫ്.എല്‍ വിതരണം: ഉപഭോക്താക്കള്‍ മഴനനഞ്ഞ് വലഞ്ഞു
Posted on: 08 Jun 2010



                                                                                                                                          
അരീക്കോട്: സി.എഫ് വിളക്ക് വിതരണം സംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതരിറക്കിയ പത്രക്കുറിപ്പ് കണ്ടെത്തിയവര്‍ മഴകൊണ്ട് കാത്തുനിന്ന് വലഞ്ഞു. കെ.എസ്.ഇ.ബി കിഴുപറമ്പ് ഓഫീസിലാണ് സംഭവം. ആയിരത്തോളം ആളുകളാണ് സി.എഫ് വിളക്ക് വാങ്ങാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ കെ.എസ്.ഇ.ബി അധികൃതരും വലഞ്ഞു.

60 വാട്ടിന്റെ പ്രവര്‍ത്തനക്ഷമമായ രണ്ട് സാധാരണ ബള്‍ബുകളും ഏറ്റവും അവസാനം ലഭിച്ച വൈദ്യുതിബില്ലും 30 രൂപയുമായി എത്തുന്നവര്‍ക്ക് രണ്ട് സി.എഫ് വിളക്കുകള്‍വീതം ലഭിക്കുമെന്നായിരുന്നു പത്രക്കുറിപ്പ്. ഇതിന് പ്രത്യേകം സ്ഥലവും സമയവും അറിയിച്ചിരുന്നു. ഇതനുസരിച്ച് കിഴുപറമ്പ് സെക്ഷനിലെ ആദ്യഘട്ട വിതരണം തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ പത്തനാപുരത്തെ കെ.എസ്.ഇ.ബി ഓഫീസിലായിരുന്നു നിശ്ചയിച്ചിരുന്നത്. രണ്ടാംഘട്ട വിതരണം ഇന്ന് കിഴുപറമ്പ് പഞ്ചായത്ത് ഓഫീസിലും നടക്കും.

കിഴുപറമ്പ് ഓഫീസ് പരിധിയില്‍ ആകെയുള്ള 17,000 ഉപഭോക്താക്കളില്‍ 13,000 വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് രണ്ടുദിവസങ്ങള്‍കൊണ്ട് സി.എഫ് വിളക്ക് വിതരണം എങ്ങനെ സാധ്യമാക്കുമെന്നാലോചിക്കാതെയാണ് അധികൃതരുടെ നടപടിയെന്നാണ് നാട്ടുകാരുടെ ആരോപണം.

കിഴുപറമ്പില്‍ ഉപഭോക്താക്കളുടെ പ്രവാഹം അനിയന്ത്രിതമായതോടെ പോലീസ് രംഗത്തെത്തി. രാത്രി ഏറെ വൈകിയാലും സി.എഫ് വിളക്ക് വിതരണം പൂര്‍ത്തിയാകില്ലെന്നുകണ്ട് പോലീസും കെ.എസ്.ഇ.ബി അധികൃതരും ആലോചിച്ച് വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി പിരിച്ചയക്കുകയാണുണ്ടായത്. ഇവര്‍ക്ക് ബുധനാഴ്ച ഓഫീസില്‍വെച്ച് 10 മുതല്‍ 12 വരെ പ്രത്യേക മുന്‍ഗണനയോടെ വിതരണം നടത്തും. കിഴുപറമ്പ് ഓഫീസ് പരിധിയില്‍ ഈയാഴ്ച മുഴുവന്‍ ബള്‍ബിന്റെ ലഭ്യതയനുസരിച്ച് വിതരണം ഉണ്ടായിരിക്കുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

അതിനിടെ നാട്ടിന്‍പുറങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഇന്നലെ ബള്‍ബ് വില്പനയുടെ ദിവസമായിരുന്നു. സാധാരണ വിലയ്ക്ക് വില്പന നടത്തിയ ഇവര്‍ പിന്നീട് വിലകൂട്ടിയും വില്പന നടത്തിയിരുന്നു.


 mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ