2010 ജൂൺ 3, വ്യാഴാഴ്‌ച

കിഴുപറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തിരഞ്ഞെടുപ്പ്: ഇരുചേരിയും വിട്ടുവീഴ്ചയ്ക്കില്ല
Posted on: 02 Jun 2010


അരീക്കോട്: കിഴുപറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ഇരുചേരിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. കെ.പി.സി.സി നേതൃത്വം നേരിട്ടിടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല.

നിലവില്‍ കിഴുപറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുള്ളത് എടക്കര ഹമീദാണ്. മുന്‍ പ്രസിഡന്റ് എം.കെ.കുഞ്ഞുമുഹമ്മദ് അരീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായപ്പോള്‍ ഉണ്ടായ ഒഴിവിലാണ് ഹമീദിന് പ്രസിഡന്റിന്റെ ചുമതല നല്‍കിയത്. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് തീരുമാനമനുസരിച്ച് ബൂത്ത്കമ്മിറ്റി തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയശേഷം മണ്ഡലം കമ്മിറ്റികളുടെ കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്തണം. ഇതനുസരിച്ച് എടക്കര ഹമീദിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ ബൂത്ത് കമ്മിറ്റി അംഗങ്ങളുടെ എണ്ണമോ ഭൂരിപക്ഷമോ ഒന്നും പരിഗണിക്കേണ്ടതില്ലെന്നുമാണ് ഹമീദിനെ അനുകൂലിക്കുന്നവരുടെ വാദം.

കേരളത്തില്‍ മുഴുവന്‍ ഒരുനയം നടപ്പാക്കുമ്പോള്‍ കിഴുപറമ്പിന് മാത്രം മറ്റൊരുനിയമം അടിച്ചേല്‍പ്പിക്കുന്നത് സംഘടനാമര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും ഹമീദിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഹമീദ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്റല്ലെന്നും ഡി.സി.സിയില്‍ അങ്ങനെയൊരു രേഖയില്ലെന്നും താത്കാലിക ചുമതല നല്‍കുക മാത്രമാണുണ്ടായതെന്നും മറുപക്ഷം വാദിക്കുന്നു. അതുകൊണ്ടുതന്നെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുകയാണെങ്കില്‍ ഹമീദിന് വൈസ് പ്രസിഡന്റ് സ്ഥാനത്തിന് മാത്രമെ അര്‍ഹതയുള്ളൂവെന്നും ഇവര്‍ വാദിക്കുന്നു. ഇദ്ദേഹം തിരഞ്ഞെടുപ്പിലൂടെ സ്ഥാനത്തെത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും മറുപക്ഷത്തിന്റെ നേതൃനിരയിലുള്ള എം.കെ.കുഞ്ഞുമുഹമ്മദ്, കെ.ടി.ബഷീര്‍ തുടങ്ങിയവര്‍ പറഞ്ഞു.

10ബൂത്ത് കമ്മിറ്റികളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിക്കാതെയുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നാണ് ഈ വിഭാഗത്തിന്റെ വാദം. ഡി.സി.സി നേതൃത്വം ഇരുപക്ഷവുമായി നിരന്തരം ബന്ധപ്പെട്ടിട്ടും തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെ.പി.സി.സി നേതൃത്വം തന്നെ നേരിട്ട് വിഷയത്തിലിടപെട്ടത്. ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍ എന്നീ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ കെ.പി.സി.സി.സെക്രട്ടറിമാരായ വി.വി.പ്രകാശ്, കെ.പി.എ.മജീദ് എന്നിവരും അജയ്‌മോഹന്‍, യു.കെ.ഭാസി തുടങ്ങിയ നേതാക്കളും കഴിഞ്ഞദിവസം മലപ്പുറത്ത് ഇരുപക്ഷവുമായും സംസാരിച്ചിട്ടും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിലെ ചേരിപ്പോര് പ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ