2010 മേയ് 26, ബുധനാഴ്‌ച

Keezhuparamba Edasserikkadavu Bridge

റോഡുകളുടെ അഭാവം; കിഴുപറമ്പ് പാലം ഉപയോഗപ്പെടുത്താനാകുന്നില്ല

Posted on: 26 May 2010

mathrubhumi


അരീക്കോട്:കിഴുപറമ്പിലെ എടശ്ശേരിക്കടവില്‍ നിര്‍മ്മിച്ച പാലം റോഡുകളുടെ അഭാവംമൂലം ഉപയോഗപ്പെടുത്താനാകുന്നില്ലെന്ന് പരാതി.

ചാലിയാര്‍ പുഴയ്ക്ക് കുറുകെ കിഴുപറമ്പ്- ചീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 706 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ച പാലം 2009 മെയ് മൂന്നിനാണ് ഉദ്ഘാടനം ചെയ്തത്. കോഴിക്കോട്ടെ മലയോരമേഖലകളിലുള്ളവര്‍ക്കും വയനാട് ജില്ലക്കാര്‍ക്കും മലപ്പുറം ജില്ലയിലെ കിഴുപറമ്പ്, ഊര്‍ങ്ങാട്ടിരി തുടങ്ങി വിവിധ പഞ്ചായത്തുകളിലുള്ളവര്‍ക്കും കോഴിക്കോട് യൂണിവേഴ്‌സിറ്റി, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഇതുവഴി എളുപ്പമെത്താം. കോഴിക്കോട്- പാലക്കാട്, മംഗലാപുരം- ഇടപ്പള്ളി ദേശീയ പാതകളുമായും ബന്ധപ്പെടുന്നതിനുള്ള എളുപ്പമാര്‍ഗവുമാണിത്.

ദീര്‍ഘദൂര ബസ് സര്‍വ്വീസ് ഉള്‍പ്പെടെയുള്ള വന്‍ഗതാഗത സൗകര്യമാണ് ഈ പാലം വന്നതിലൂടെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു ഹൃസ്വദൂര ബസ് സര്‍വ്വീസുപോലും ഈ പാലം വഴി ഇതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ മറുകരയില്‍ ചീക്കോട് പഞ്ചായത്തിലൂടെ കടന്നുപോകുന്നത് കോഴിക്കോട്- ഊട്ടി സംസ്ഥാന പാതയായതിനാല്‍ ഉന്നത നിലവാരത്തിലുള്ള റോഡാണുള്ളത്. കിഴുപറമ്പ് പഞ്ചായത്തില്‍ കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ കുറ്റൂളിയില്‍നിന്ന് തുടങ്ങുന്ന ഒരു റോഡാണ് പാലത്തിലേക്കുള്ള പ്രധാന പാത. ഇതില്‍ത്തന്നെ കുറ്റൂളി മുതല്‍ പൊറ്റമ്മല്‍ വരെയുള്ള ഭാഗം കുറ്റൂളി- കവിലാറോഡില്‍പ്പെട്ടതാണ്. പൊറ്റമ്മല്‍ മുതല്‍ പാലംവരെയുള്ള ഭാഗം മെച്ചപ്പെടുത്തുന്നതിനുവേണ്ടി 62 ലക്ഷം രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുണ്ടെങ്കിലും അതിന് ഇതുവരെ ഭരണപരമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണറിയുന്നത്.

ജില്ലയിലെ കുറ്റൂളി- കിഴുപറമ്പ് റോഡ് വീതികൂട്ടി നവീകരിക്കണം. ഒപ്പം കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍പ്പെട്ട നെല്ലിക്കാപറമ്പില്‍ നിന്ന് തുടങ്ങി പാനിക്കോട്- പഴംപറമ്പ് വഴി പാലത്തിലെത്തുന്ന റോഡുകൂടി വികസിപ്പിക്കുകയും വേണം. എങ്കിലേ പാലം കോഴിക്കോട്, വയനാട് ജില്ലക്കാര്‍ക്കുകൂടി ഉപയോഗപ്പെടുത്താനാവൂ. ഇതിന് അതത് ജില്ലകളിലെ ജനപ്രതിനിധികള്‍ മുന്‍കയ്യെടുക്കണമെന്ന് കിഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി.എ ശുക്കൂര്‍ അറിയിച്ചു. നെല്ലിക്കാപറമ്പ്- പഴംപറമ്പ് റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ മുക്കം ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്കും മറ്റും പോകുന്നവര്‍ക്ക് കുറഞ്ഞത് പതിനഞ്ച് കിലോമീറ്റര്‍ ദൂരം ലാഭിക്കാം. അരീക്കോട് ടൗണിലെയും കുണ്ടോട്ടി ടൗണിലെയും ഗതാഗതകുരുക്കിനും അത് ഒരുപരിധിവരെ പരിഹാരമാകുമെന്നും ശുക്കൂര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ