2010 മേയ് 24, തിങ്കളാഴ്‌ച

Kadungallur Old Bridge

കടുങ്ങല്ലൂര്‍ പാലം സംരക്ഷിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം- പൊതുമരാമത്ത് വകുപ്പ്

Posted on: 24 May 2010







അരീക്കോട്: 1939ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കടുങ്ങല്ലൂരിലെ ഇരുമ്പുപാലം ചരിത്രസ്മാരകമാക്കി മാറ്റി സംരക്ഷിക്കാന്‍ പൊതുമരാമത്ത്‌വകുപ്പ് തീരുമാനമെടുത്തുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊതുമരാമത്ത് അധികൃതര്‍ വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഓവുപാലങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ പാലങ്ങള്‍ യഥാകാലം ചായംപൂശി സംരക്ഷിച്ചുവരാറുണ്ട്.

വകുപ്പിന് കീഴിലെ ഒരു പാലമെന്ന നിലയിലാണ് ഇപ്പോള്‍ കടുങ്ങല്ലൂര്‍ ഇരുമ്പുപാലം ചായംപൂശിയതെന്ന് പി.ഡബ്ല്യു.ഡി അസി. എക്‌സി. എന്‍ജിനിയര്‍ സി.എം. മുഹമ്മദ്ബഷീര്‍ പറഞ്ഞു.

അരീക്കോട്ടെ എം.എസ്.പി ക്യാമ്പിലേക്ക് ഭക്ഷണവും ആയുധവും മറ്റും എത്തിക്കുന്നത് പ്രയാസമായതിനെത്തുടര്‍ന്നാണ് പൂങ്കുടിപ്പുഴയ്ക്ക് കുറുകെ കടുങ്ങല്ലൂരില്‍ 1939ല്‍ ബ്രിട്ടീഷുകാര്‍ ഇരുമ്പുപാലം പണിതത്.

വിമാനത്താവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളെ അരീക്കോടുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

കൊണ്ടോട്ടി- അരീക്കോട് റോഡിലുള്ള ഈ പാലത്തിലൂടെ ദിനംപ്രതി കടന്നുപോകുന്നത് ആയിരത്തില്‍പരം വാഹനങ്ങളാണ്. എന്നിട്ടും ഇത്രയുംകാലം യാതൊരു കേടുപാടും കൂടാതെ പാലം നിലനിന്നുവെന്നത് നിര്‍മാണവൈദഗ്ധ്യത്തിന്റെ തെളിവാണെന്നതില്‍ സംശയമില്ല.

പാലത്തില്‍ അങ്ങിങ്ങ് കേടുപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് പൊതുമരാമത്ത്‌വകുപ്പ് ഈ പാലത്തിന്റെ സമീപത്ത് പുതിയൊരു കോണ്‍ക്രീറ്റ് പാലം പണിത് ഗതാഗതത്തിന് തുറന്നുകൊടുക്കുകയുണ്ടായി.

ഈ പാലത്തിന്റെ ഉദ്ഘാടനവേളയില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമായി ഇരുമ്പുപാലം സംരക്ഷിക്കണമെന്ന് വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. ഇതിനിടെയാണ് ചാലിയാര്‍, ചെറുപുഴ പാലങ്ങളും മറ്റും ചായംപൂശി കൂട്ടത്തില്‍ കടുങ്ങല്ലൂരിലെ പഴയ ഇരുമ്പ് പാലത്തിനും പൊതുമരാമത്ത്‌വകുപ്പ് ചായംപൂശിയത്. പാലം ചരിത്രസ്മാരകമായി മാറ്റിയെന്ന തെറ്റിദ്ധാരണ പരക്കാന്‍ ഇടയാക്കിയത് ഈ ചായംപൂശലാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ