2010 മേയ് 19, ബുധനാഴ്‌ച

മൂര്‍ക്കനാട് നടപ്പാലം ആഗസ്ത് 15 നകം നാടിന് സമര്‍പ്പിക്കും -മന്ത്രി

Posted on: 19 May 2010

mathrubhumi




അരീക്കോട്: അരീക്കോട് മൂര്‍ക്കനാട് സ്‌കൂള്‍കടവ് നടപ്പാലം ആഗസ്ത് 15 നകം നാടിന് സമര്‍പ്പിക്കുമെന്ന് റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം അരീക്കോട് മൂര്‍ക്കനാട് അങ്ങാടിയില്‍ തറക്കല്ലിടീല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായിരുന്നു. കേരളത്തില്‍ അപകടകരമായ കടത്തുകളുള്ള സ്ഥലങ്ങളില്‍ അമ്പതോളം പാലങ്ങള്‍ നിര്‍മിക്കും. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയും പാലങ്ങള്‍ നിര്‍മിക്കുന്നതിന് പ്രൊജക്ടുകള്‍ സമര്‍പ്പിക്കുന്നുണ്ട്. ദുരിതങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന വിധത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പുനഃസംഘടിപ്പിക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിനെ ആധുനീകരിക്കും.കേരളത്തിലെ 10,600 സ്‌കൂളുകളില്‍ എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയെ ഉള്‍പ്പെടുത്തി സുരക്ഷാ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിനായി ഹൈസ്‌കൂളിന് 2000 രൂപയും മറ്റ് സ്‌കൂളുകള്‍ക്ക് 1500 രൂപ വീതവും റവന്യൂവകുപ്പ് നല്‍കും.

അരീക്കോട് സ്‌കൂള്‍ കടവിലുണ്ടായ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ എല്ലാവരെയും മന്ത്രി യോഗത്തില്‍ അനുമോദിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, കെ.കോയസ്സന്‍, ആലിക്കുട്ടി, ഷുക്കൂര്‍, ജില്ലാ പഞ്ചായത്തംഗം പി.പി.സഫറുള്ള, കെ.ടി.ഷറഫുന്നീസ, പി.അബ്ദുറഹിമാന്‍, അഡ്വ. എം.റഹ്മത്തുള്ള, ഇ.കെ.ഗോപാലകൃഷ്ണന്‍, മുക്കം ചന്ദ്രന്‍, പി.വി.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ