2010 ജൂൺ 28, തിങ്കളാഴ്‌ച

തറക്കല്ലിട്ടത് ഏപ്രില്‍ പന്ത്രണ്ടിന് മൈത്രക്കടവ് പാലത്തിന്റെ പ്രവൃത്തി തുടങ്ങിയില്ല
Posted on: 27 Jun 2010


അരീക്കോട്: മൈത്രക്കടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ഇതുവരെ ആരംഭിച്ചില്ല. ഊര്‍ങ്ങാട്ടിരി-അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 9.6 കോടി രൂപ ചെലവില്‍ ചാലിയാറിന് കുറുകെയാണ് പാലം പണിയുന്നത്. കഴിഞ്ഞ ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെയും മറ്റും സാന്നിദ്ധ്യത്തില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ് പാലത്തിന് തറക്കല്ലിട്ടത്. അതേസമയം ആഴ്ചകള്‍ക്കുമുമ്പ് തറക്കല്ലിട്ട മൂര്‍ക്കനാട് കടവിലെ നടപ്പാലനിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുമുണ്ട്. മൈത്രക്കടവ് പാലത്തിന്റെ കരാറുകാരായ എടവണ്ണയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വീഴ്ചയായിട്ടായിരുന്നു ഈ കാലതാമസത്തെ നാട്ടുകാര്‍ കണ്ടിരുന്നത്. എന്നാല്‍ കരാറുകാര്‍ക്ക് ഇതുവരെ സര്‍ക്കാരില്‍നിന്ന് വര്‍ക്ക് ഓര്‍ഡര്‍ ലഭിക്കാത്തതാണ് പ്രവൃത്തി തുടങ്ങുന്നതിലുള്ള കാലതാമസത്തിന് കാരണം. അതിനിടെ മഴക്കാലത്ത് നടത്താവുന്ന പ്രവൃത്തികള്‍ ആരംഭിക്കാന്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി തുടങ്ങുമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതേസമയം എസ്റ്റിമേറ്റില്‍ കാണിച്ചതിലും കൂടിയ തുക അധികം ക്വാട്ട് ചെയ്താണ് കരാര്‍ ഉറപ്പിച്ചതെന്നും അതിന് അംഗീകാരം ലഭിക്കുന്നതിലുണ്ടായ താമസമാണ് വര്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നതില്‍ നേരിട്ടതെന്നും അറിയുന്നു. ടെന്‍ഡറില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക കരാറുകാരന്‍ ആവശ്യപ്പെട്ടാല്‍ ആ പ്രവൃത്തി റീ-ടെന്‍ഡര്‍ ചെയ്യണമെന്ന് പൊതുമരാമത്തുമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് മൈത്രക്കടവ് പാലത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. മാത്രമല്ല പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് രാജിവെക്കുന്നതിന് തൊട്ടുമുമ്പായി അനുവദിച്ച മരാമത്ത് പ്രവൃത്തികള്‍ അന്വേഷണ വിധേയമാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി എസ്.ജഗദീശ് ഉത്തരവിട്ടിട്ടുമുണ്ട്.

എന്നാല്‍ മൈത്രക്കടവ് പാലത്തിന് ഭരണപരമായ അനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഇത്തരം യാതൊരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വര്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നതില്‍ കരാറുകാരനുണ്ടായ കാലതാമസം തികച്ചും സാങ്കേതികമാണെന്നും എത്രയുംപെട്ടെന്ന് അത് ലഭ്യമാക്കാന്‍ വകുപ്പുതലത്തില്‍ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

mathrubhumi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ