മൂര്‍ക്കനാട് കടവില്‍ നടപ്പാലത്തിന്റെ നിര്‍മാണം ഇന്ന് തുടങ്ങും
Posted on: 13 May 2010
അരീക്കോട്: തോണി ദുരന്തമുണ്ടായ മൂര്‍ക്കനാട് കടവിലെ നടപ്പാലനിര്‍മാണം വ്യാഴാഴ്ച തുടങ്ങും. കഴിഞ്ഞ ഏപ്രിലില്‍ തന്നെ 'കെല്ലി'ന്റെ നേതൃത്വത്തില്‍ പാലം നിര്‍മാണത്തിനായി മണ്ണ് പരിശോധന നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വിദഗ്ധര്‍ പാലത്തിനുവേണ്ട തൂണുകളുടെയും മറ്റും ബലം നിര്‍ണയിച്ച് രൂപരേഖ തയ്യാറാക്കിയിരുന്നു. ഈ രൂപരേഖ ഇവര്‍ ബുധനാഴ്ച ജില്ലാ കളക്ടര്‍ എം.സി.മോഹന്‍ദാസിന് കൈമാറിയിരുന്നു.
കെല്ലിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം.സോമനാണ് കളക്ടറേറ്റില്‍ രൂപരേഖ കൈമാറിയത്. മൂന്നുമാസത്തിനകം പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതായും അതിനനുസൃതമായി കാര്യങ്ങള്‍ നീങ്ങുന്നതായും സോമന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
പാലത്തിന്റെ ലെവല്‍ നിര്‍ണയം പോലുള്ള പ്രാഥമിക ജോലികള്‍ ആരംഭിക്കുമെന്നും ജില്ലാകളക്ടര്‍ വിദേശത്ത് പോകുന്ന സാഹചര്യത്തില്‍ ഏറനാട് തഹസില്‍ദാര്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും ഇതെന്നും സോമന്‍ പറഞ്ഞു. സൈറ്റ് എന്‍ജിനിയര്‍മാരായ ഷാജി, രാജന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും ജോലി ആരംഭിക്കുന്നത്.
പതിനേഴര മീറ്റര്‍ ഭൂമി തുരന്ന് പൈലിങ് നടത്തി പാറയില്‍ നാല് കേന്ദ്രങ്ങളിലായി ഉറപ്പിക്കുന്ന എട്ട് തൂണുകളിലായിരിക്കും പാലം പണിയുന്നത്. നാല് കേന്ദ്രങ്ങളിലായി നിര്‍മിക്കുന്ന രണ്ടുവീതം തൂണുകള്‍ തമ്മിലുള്ള അകലം ഒരു മീറ്ററായിരിക്കും. ഈ രണ്ട് തൂണുകളുടെയും മുകളറ്റം തമ്മില്‍ പരസ്പരം ബന്ധിപ്പിക്കും.
ഇങ്ങനെ ബന്ധിപ്പിച്ച ഓരോ ജോഡി തൂണുകളും തമ്മില്‍ 30 മീറ്റര്‍ അകലമാണുണ്ടാവുക. ഈ ഓരോ ജോഡി തൂണുകളേയും 30 മീറ്റര്‍ നീളമുള്ള വലിയ ഇരുമ്പ് റെയിലുകള്‍ കൊണ്ട് യോജിപ്പിച്ചാണ് പാലം പണിയുക.
ഇരുവശങ്ങളിലുമായി കരിങ്കല്‍ക്കെട്ടുകളും കോണ്‍ക്രീറ്റും ചേര്‍ന്നുള്ള അപ്രോച്ച് റോഡും നിര്‍മിക്കും. പാലം പൂര്‍ത്തിയാകുമ്പോള്‍ 150 മുതല്‍ 152 വരെ മീറ്റര്‍ നീളമാണ് പ്രതീക്ഷിക്കുന്നത്. വീതി 1.2 മീറ്ററായിരിക്കും.
നാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വത്തിനുവേണ്ടി ഇരുവശങ്ങളിലും 1.2 മീറ്റര്‍ ഉയരത്തിലുള്ള ഇരുമ്പ് പൈപ്പ് കൊണ്ടുള്ള വേലികളും നിര്‍മിക്കും. പാലം നിര്‍മാണത്തിനുള്ള സ്റ്റീല്‍ സ്ട്രക്ചറുകളുടെ നിര്‍മാണം മൂന്നാഴ്ച മുമ്പ് കമ്പനിയില്‍ ആരംഭിച്ചിട്ടുണ്ടത്രെ. അവ ഭാഗങ്ങളായി കൊണ്ടുവന്നായിരിക്കും പാലത്തില്‍ ഉറപ്പിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ